റെഡ് സോണില്‍ നിന്ന് വരന്‍, വധു ഗ്രീന്‍ സോണില്‍; പൊലീസ് ചെക്ക് പോസ്റ്റില്‍ താലി കെട്ടി ദമ്പതിമാര്‍ 

ലോക്ക്ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനാന്തര യാത്ര അനുവദിനീയമല്ലാത്തതിനാലാണ് അതിര്‍ത്തിയില്‍ മണ്ഡപമൊരുങ്ങിയത്
റെഡ് സോണില്‍ നിന്ന് വരന്‍, വധു ഗ്രീന്‍ സോണില്‍; പൊലീസ് ചെക്ക് പോസ്റ്റില്‍ താലി കെട്ടി ദമ്പതിമാര്‍ 

സ്‌നേഹത്തിന് അതിര്‍ത്തിയില്ലെന്ന് തെളിയിച്ച് അരവിന്ദും ചൈയ്യയും ഒന്നിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരനും ഉത്തരാഖണ്ഡ് സ്വദേശിയായ വധുവും പൊലീസ് ഉദ്യോഗസ്ഥരെയടക്കം സാക്ഷിനിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വിവാഹിതരായി. ലോക്ക്ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനാന്തര യാത്ര അനുവദിനീയമല്ലാത്തതിനാലാണ് അതിര്‍ത്തിയില്‍ മണ്ഡപമൊരുങ്ങിയത്. 

വരന്‍ അരവിന്ദ് കുമാര്‍ ഉത്തര്‍പ്രദേശിലെ റെഡ് സോണായ ബിജിനോര്‍ ജില്ലയിലാണ് താമസിക്കുന്നത് വധുവാകട്ടെ ഉത്തരാഖണ്ഡിലെ ഗ്രീന്‍ സോണിലും. ജില്ലാ മേലധികാരിയുടെ യാത്രാ പാസ് അടക്കം വാങ്ങിയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 150 കിലോമീറ്റര്‍ അകലെയുള്ള വധുവിന്റെ വീട്ടിലേക്ക് വരനും സംഘവും യാത്ര പുറപ്പെട്ടെങ്കിലും അതിര്‍ത്തിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. 

റെഡ് സോണിലുള്ളവരെ ഗ്രീന്‍ സോണിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരനെയും കൂട്ടരെയും തടഞ്ഞത്. വധുവിന്റെ വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുന്നതിനിടയിലാണ് അതിര്‍ത്തിയില്‍ വച്ച് കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയത്. 

അങ്ങനെ വധുവും സംഘവും കാര്‍മ്മികനൊപ്പം ചെക്ക്‌പോസ്റ്റിലേക്കെത്തി. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം സഹായത്തില്‍ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി അരവിന്ദ് ചൈയ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകളടക്കം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com