ആദ്യഘട്ടത്തില്‍ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ കേരളത്തിലേക്ക്; 15 സര്‍വീസുകള്‍; യാത്രാക്കൂലി ഒരു ലക്ഷം രൂപ വരെയെന്ന് വ്യോമയാന മന്ത്രി

മിഡില്‍ഈസ്റ്റ്, അമേരിക്ക, യുഎഇ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മലേഷ്യ എന്നി രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത്
ആദ്യഘട്ടത്തില്‍ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ കേരളത്തിലേക്ക്; 15 സര്‍വീസുകള്‍; യാത്രാക്കൂലി ഒരു ലക്ഷം രൂപ വരെയെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുളള ദൗത്യത്തിന്റെ ഭാഗമായി ആദ്യ ആഴ്ച മാത്രം 64 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. മെയ് ഏഴുമുതല്‍ 13 വരെയുളള ദിവസങ്ങളിലായാണ് ഈ സര്‍വീസുകള്‍. ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യുഎഇയില്‍ നിന്ന് മാത്രം 10 വിമാനങ്ങള്‍ നാട്ടിലേക്ക് പുറപ്പെടുമെന്നും മന്ത്രി പറഞ്ഞു.  ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം 15 സര്‍വീസുകളിലായി 3150 മലയാളികളെയാണ് നാട്ടില്‍ എത്തിക്കാന്‍ പോകുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന പ്രവാസികളുടെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. യുഎഇയ്ക്ക് പുറമേ, ഖത്തര്‍, സൗദി അറേബ്യ, യുകെ, സിംഗപ്പൂര്‍, അമേരിക്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ബെഹറിന്‍, മലേഷ്യ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 2, 5,7,5,7,5,7,2,7,5,2 എന്നിങ്ങനെയാണ് നാട്ടിലേക്ക് പുറപ്പെടുന്ന സര്‍വീസുകള്‍ എന്ന് ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് പറഞ്ഞു. 

യാത്രയുടെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്ന് മുംബൈയില്‍ എത്തുന്നതിന് യാത്രാക്കൂലി ഇനത്തില്‍ 50000 രൂപയാണ് ഈടാക്കുന്നത്. ലണ്ടന്‍- അഹമ്മദാബാദ്, ലണ്ടന്‍- ബംഗളൂരു, ലണ്ടന്‍- ഡല്‍ഹി സര്‍വീസുകള്‍ക്കും സമാനമായ തുകയാണ് ഈടാക്കുക. ചിക്കാഗോ- ഡല്‍ഹി- ഹൈദരാബാദ് യാത്രയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം 3150 മലയാളികളെയാണ് നാട്ടില്‍ എത്തിക്കുക. മിഡില്‍ഈസ്റ്റ്, അമേരിക്ക, യുഎഇ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മലേഷ്യ എന്നി രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത്. 11 സര്‍വീസുകളിലായി 2150 തമിഴ്‌നാട്ടുകാരെ നാട്ടില്‍ എത്തിക്കും. അതേപോലെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളെയും നാട്ടില്‍ എത്തിക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com