ആദ്യ ആഴ്ച പരീക്ഷണ കാലയളവ്, എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം, തൊഴിലാളികളുടെ താപനില പരിശോധിക്കണം; വ്യവസായശാലകള്‍ക്കുളള മാര്‍ഗനിര്‍ദേശം ഇങ്ങനെ

ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
ആദ്യ ആഴ്ച പരീക്ഷണ കാലയളവ്, എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം, തൊഴിലാളികളുടെ താപനില പരിശോധിക്കണം; വ്യവസായശാലകള്‍ക്കുളള മാര്‍ഗനിര്‍ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ വ്യവസായശാലകള്‍ തുറക്കാവൂ. വലിയ തോതിലുളള ഉത്പാദന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകരുത് വ്യവസായശാലകള്‍ തുറക്കേണ്ടത്. വ്യവസായശാലകള്‍ തുറക്കുന്ന ആദ്യ ആഴ്ച ട്രയല്‍ ആയോ പരീക്ഷണ കാലയളവ് ആയോ കണ്ടുവേണം പ്രവര്‍ത്തിക്കാന്‍ എന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിശാഖപട്ടണത്തെ രാസവസ്തു നിര്‍മ്മാണശാലയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മാര്‍ഗരേഖയുമായി കേന്ദ്ര്‌സര്‍ക്കാര്‍ രംഗത്തുവന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരിസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണം. 

ആദ്യ ആഴ്ച ട്രയല്‍ അല്ലെങ്കില്‍ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണം. കഴിഞ്ഞ കുറെ ആഴ്ചകളായി വ്യവസായശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ എല്ലാവരും നിശ്ചിത നടപടിക്രമങ്ങള്‍ എല്ലാം പാലിക്കണം എന്നില്ല. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. വാല്‍വുകളിലും പൈപ്പ്‌ലൈനുകളിലും രാസവസ്തുക്കള്‍ നീക്കം ചെയ്യാതെ കിടക്കുന്ന അവസ്ഥ ഉണ്ടാവാം. അതിനാല്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് മാത്രമേ വ്യവസായശാലകള്‍ തുറക്കാവൂ എന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റു അടയാളങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പുനരാരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്. പ്രവര്‍ത്തനത്തിന് തടസ്സമായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പ്രത്യേക സഹായത്തിനായി പ്രാദേശിക ജില്ലാ ഭരണകൂടത്തെ സമീപിക്കാം. ഫാക്ടറി പരിസരം 24 മണിക്കൂറും ശുചിത്വവല്‍ക്കരിക്കണം. 

പ്രവേശനകവാടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടേയും താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളികളെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യിക്കരുത്. എല്ലാ ഫാക്ടറികളിലും നിര്‍മാണ യൂണിറ്റുകളിലും കയ്യുറകള്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്ററൈസുകള്‍ തുടങ്ങിയവ നല്‍കണം. കോവിഡ് ആരോഗ്യ പ്രതിരോധം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കണം. 

ഫാക്ടറിയില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തുകടക്കുന്നതുവരെയുള്ള സുരക്ഷാ നടപടികള്‍ സംബന്ധിച്ച് തൊഴിലാളികളെ പഠിപ്പിക്കണം. തൊഴിലിടങ്ങളില്‍ ശാരീരിക അകലം പാലിക്കുകയും ഭക്ഷണസൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണം. 24 മണിക്കൂറോ അല്ലെങ്കില്‍ തുടര്‍ച്ചയായോ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും പ്ലാന്റുകളും ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള പരിഗണിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. 

ഒരു സമയം എത്രപേര്‍ക്ക് പ്രവര്‍ത്തിക്കാമെന്നതടക്കം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. ഏതെങ്കിലും തരത്തില്‍ ഒരു തൊഴിലാളിക്ക് കോവിഡ്  കണ്ടെത്തിയാല്‍ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കേണ്ടതുണ്ട്. തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരേയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കാനുള്ള പ്രക്രിയകള്‍ക്ക് എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com