30,000 രൂപ കാർ വാടക കൊടുത്ത് അയൽ സംസ്ഥാനത്ത് നിന്ന് എത്തി; കോവിഡ് നെ​ഗറ്റീവ്; വീട്ടിൽ കയറാൻ ഭാര്യ സമ്മതിച്ചില്ല

30,000 രൂപ കാർ വാടക കൊടുത്ത് അയൽ സംസ്ഥാനത്ത് നിന്ന് എത്തി; കോവിഡ് നെ​ഗറ്റീവ്; വീട്ടിൽ കയറാൻ ഭാര്യ സമ്മതിച്ചില്ല
30,000 രൂപ കാർ വാടക കൊടുത്ത് അയൽ സംസ്ഥാനത്ത് നിന്ന് എത്തി; കോവിഡ് നെ​ഗറ്റീവ്; വീട്ടിൽ കയറാൻ ഭാര്യ സമ്മതിച്ചില്ല

അഗർത്തല: ലോക്ക്ഡൗണിനെ തുടർന്ന് 30,000 രൂപ കാർ വാടക കൊടുത്ത് അയൽ സംസ്ഥാനത്തു നിന്ന് സ്വന്തം നാട്ടിലെത്തിയ ത്രിപുര സ്വദേശിയും കുടിയേറ്റ തൊഴിലാളിയുമായ ഗോബിന്ദ ദേബ്‌നാഥിന് നേരിടേണ്ടി വന്നത് ​ദുരനുഭവം. നാട്ടിലെത്തിയിട്ടും വീട്ടിൽ കയറാനാകാത്ത സ്ഥിതിയിലാണ് ഗോബിന്ദ.

കൂലിപ്പണിക്കാരനായ ഗോബിന്ദ ഭാര്യ മാംപി ദേബ്‌നാഥിനും മകൾക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം അഗർത്തലയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് 37കാരനായ ഗോബിന്ദ ആസമിലെ സിലാപത്തറിലുള്ള ഭാര്യാ സഹോദരന്റെ വീട്ടിൽ പോയത്. ഭാര്യയുടെ പിതാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇതിനിടയിൽ ലോക്ക്ഡൗൺ നിലവിൽ വന്നു. നിയന്ത്രണങ്ങൾ വൈകാതെ പിൻവലിക്കുമെന്നും അതിനു ശേഷം വീട്ടിലെത്താമെന്നും കരുതി കാത്തിരുന്നെങ്കിലും രണ്ട് തവണ ലോക്ക്ഡൗൺ ദീർഘിപ്പിച്ചതോടെ മറ്റു മാർഗമില്ലാതെ കാർ വാടകയ്‌ക്കെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ഗോബിന്ദ തീരുമാനിച്ചു. 30,000 രൂപ കാർ വാടക കൊടുത്ത് അദ്ദേഹം ത്രിപുരയിൽ എത്തി.

മറ്റൊരു സംസ്ഥാനത്തു നിന്ന് എത്തിയതിനാൽ നടപടിക്രമം അനുസരിച്ച് ക്വാറൻറൈൻ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാൽ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല വീട്ടിൽ ഗോബിന്ദയ്ക്ക് നേരിടേണ്ടി വന്നത്. വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടിൽ കയറാൻ അനുവദിച്ചില്ല.

ഭർത്താവിനോട് തിരികെ വരേണ്ടെന്ന് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളത്. ഗോവിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കിൽ തന്നെയും 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസകരമാണ്. അതുകൊണ്ട് ഭർത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവർ പറയുന്നു.

മറ്റൊരു സംസ്ഥാനത്തു നിന്നെത്തിയ ഗോബിന്ദയെ വീട്ടിൽ താമസിക്കുന്നതിനെതിരെ അയൽക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. അയൽക്കാർ ഭാര്യയെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗോബിന്ദ പറയുന്നു. പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗ ബാധയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നാണ് അയൽവാസികൾ ചോദിക്കുന്നത്. അതുകൊണ്ട് ഗോവിന്ദയെ രണ്ടാഴ്ച നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കണമെന്ന് അവരും ആവശ്യപ്പെട്ടു.

പൊലീസും ആരോഗ്യ പ്രവർത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുക മാത്രമായിരുന്നു പോംവഴി.

ഗോവിന്ദയ്ക്ക് നേരിടേണ്ടി വന്നതിന് സമാനമായ അവസ്ഥ ത്രിപുരയിൽ പലയിടത്തും നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും പ്രതിഷേധവുമായി ജനങ്ങൾ സംഘടിക്കുന്നത് സാമൂഹിക അകലം പോലും പാലിക്കാതെയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com