പത്ത് ദിവസം പനിയില്ലെന്ന് ഉറപ്പാക്കണം; ഹോം ഐസൊലേഷൻ കഴിഞ്ഞാൽ പരിശോധന വേണ്ട ; പുതിയ മാർ​ഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

24 മണിക്കൂറും ഐസലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആശുപത്രിയും തമ്മിൽ വിവരങ്ങൾ കൈമാറണം
പത്ത് ദിവസം പനിയില്ലെന്ന് ഉറപ്പാക്കണം; ഹോം ഐസൊലേഷൻ കഴിഞ്ഞാൽ പരിശോധന വേണ്ട ; പുതിയ മാർ​ഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി : കോവിഡ് നിരീക്ഷണത്തിൽ വീടുകളിൽ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിർദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങൾ കാണിക്കാത്തവരും ഐസലേഷനിൽ കഴിയുമ്പോൾ പാലിക്കേണ്ട കാര്യങ്ങളാണ് കേന്ദ്രസർക്കാർ പുതുക്കിയ മാർ​ഗനിർദേശത്തിൽ അറിയിച്ചിട്ടുള്ളത്. വീട്ടിൽതന്നെ പൂർണമായും ഐസലേഷനിൽ കഴിയുന്നതിനുള്ള സൗകര്യം വേണം, കൂടാതെ കുടുംബത്തെ ക്വാറന്റീൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ആവശ്യമാണ്.

24 മണിക്കൂറും ഐസലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആശുപത്രിയും തമ്മിൽ വിവരങ്ങൾ കൈമാറണം. ഇത് ഹോം ഐസലേഷൻ സമയത്തു മുഴുവൻ പാലിക്കണം. സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം. ആരോഗ്യ സേതു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം.

ഐസലേഷനിലുള്ള ആള്‍ ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. ഐസലേഷനിലുള്ള ആൾക്ക് പത്ത് ദിവസമായി പനിയില്ലെന്ന് ഉറപ്പുവരുത്തണം. 17 ദിവസത്തിനു ശേഷമായിരിക്കും ഹോം ഐസലേഷൻ പിൻവലിക്കുക. ഹോം ഐസലേഷൻ കാലഘട്ടം കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും മാർ​ഗനിർദേശത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com