കുടിയേറ്റ തൊഴിലാളികള്‍ നടക്കേണ്ട, വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞു; കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് സ്‌പൈസ്‌ജെറ്റ് മേധാവി 

'സര്‍ക്കാര്‍ ഞങ്ങളുടെ നിര്‍ദേശം സ്വീകരിച്ചിരുന്നെങ്കില്‍ കുടിയേറ്റ തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള മടക്കയാത്രകള്‍ കൂടുതല്‍ സുഗമമായേനെ'
കുടിയേറ്റ തൊഴിലാളികള്‍ നടക്കേണ്ട, വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞു; കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് സ്‌പൈസ്‌ജെറ്റ് മേധാവി 

കുടിയേറ്റ തൊഴിലാളികള്‍ നടന്നു നാട്ടിലെത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് വിമാനക്കമ്പനികള്‍ ബന്ധപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ 'എക്‌സപ്രസ് എക്‌സ്പ്രഷണ്‍സ്' എന്ന വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച്-ആറ് മണിക്കൂര്‍ ബസ് യാത്രയിലൂടെ ആളുകളെ അയക്കുന്നതിന് പകരമായി രണ്ടര മണിക്കൂര്‍ മാത്രമെടുക്കുന്ന വിമാനയാത്ര ഉപകാരപ്പെടുത്താമെന്ന് അറിയിച്ചതാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായി നടത്തിയ അഭിമുഖത്തില്‍ അജയ് സിങ് പറഞ്ഞു. 600-700 വിമാനങ്ങള്‍ നിലത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഞങ്ങളുടെ നിര്‍ദേശം സ്വീകരിച്ചിരുന്നെങ്കില്‍ കുടിയേറ്റ തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള മടക്കയാത്രകള്‍ കൂടുതല്‍ സുഗമമായേനെ. ഒരു വിമാനത്തില്‍ 1000 പേര്‍ക്ക് സുഗമായി യാത്രചെയ്യാനാകും. അഞ്ച് ലക്ഷം ആളുകളെ വരെ ഞങ്ങള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ ഇതുസംബന്ധിച്ച് ചില ആശങ്കകള്‍ നിലനിന്നിരുന്നതായി സിങ് പറഞ്ഞു. 

സ്ഥലപരിമിതി കണക്കിലെടുക്കുമ്പോള്‍ വിമാനയാത്ര സുരക്ഷിതമല്ല. യാത്രാചിലവും വായൂ സഞ്ചാരത്തിന്റെ പരിമിതിയുമൊക്കെ പരിഗണിക്കുന്നതാകാം സര്‍ക്കാരിന്റെ മൗനത്തിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവച്ച ഓഫര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ വ്യോമയാന വ്യവസായം ഏറ്റവും വലിയ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് തീര്‍ത്തും കഠിനമാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമ വ്യവസായത്തിന്റെ തിരിച്ചുവരവിന് സഹായിക്കുന്ന ഒരു പാക്കേജ് വ്യോമയാന മന്ത്രാലയത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അത് ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സിങ് പറഞ്ഞു. 'അത് നടപ്പാകുകയാണെങ്കില്‍ ഞങ്ങള്‍ അതിവേഗം തിരിച്ചുവരും. അത് നടന്നില്ലെങ്കിലും ഞങ്ങള്‍ തിരിച്ചെത്തും, കാരണം ഇന്ത്യയെപ്പോലെ ഞങ്ങള്‍ക്കും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. സാലറി കട്ടും, ശമ്പളരഹിത അവധിയുമൊക്കെ ഉണ്ടായെങ്കിലും ജീവനക്കാരെ ആരെയും പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായില്ല', സിങ് കൂട്ടിച്ചേര്‍ത്തു. 

ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര യാത്രകള്‍ തുടങ്ങുമെന്നാണ് സിങ് കണക്കാക്കുന്നത്. അന്തര്‍ദേശീയ യാത്രകള്‍ക്കായി കുറച്ച് മാസങ്ങള്‍ കൂടി കാക്കണമെന്നാണ് അദ്ദേഹം കരുതുന്നത്. വിമാന കമ്പനികള്‍ക്ക് മേല്‍ ചുമത്തുന്ന ഭീമമായ നികുതി ഇല്ലായിരുന്നെങ്കില്‍ ഈ തകര്‍ച്ചയെ മറികടക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com