ഫയൽ ചിത്രം
ഫയൽ ചിത്രം

പ്രോട്ടോക്കോള്‍ ലംഘിച്ച് കൊറോണ ബാധിതന്റെ മൃതദേഹം കുളിപ്പിച്ചു ; അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്ക് കോവിഡ് 

കോവിഡ് രോഗലക്ഷണങ്ങളോടെ ഉല്ലാസ് നഗര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 59 കാരനാണ് കഴിഞ്ഞദിവസം മരിച്ചത്

മുംബൈ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിച്ചു. അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. 

കോവിഡ് രോഗലക്ഷണങ്ങളോടെ ഉല്ലാസ് നഗര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 59 കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പെ മരണം സംഭവിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി മൃതദേഹം ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുപോയി. 

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മൃതദേഹം അഴിച്ച് കുളിപ്പിക്കുകയായിരുന്നു. അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 61 പേരെ ക്വാറന്റീനിലുമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉല്ലാസ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറുടെ പരാതി പ്രകാരം മരിച്ചയാളുടെ രണ്ട് മക്കള്‍, സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com