ഈ അവസ്ഥ വേദനാജനകം; സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥയില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അഹമ്മദാബാദ് ഹൈക്കോടതി. 
ഈ അവസ്ഥ വേദനാജനകം; സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥയില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അഹമ്മദാബാദ് ഹൈക്കോടതി. 
വെള്ളിയാഴ്ച വരെ 377 കോവിഡ് രോഗികള്‍ മരണമടഞ്ഞ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ ദയനീയമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു തടവറ പോലെയാണ് ആശുപത്രിയെന്നും സ്ഥിതി ഇതിലും മോശമായേക്കാമെന്നും കോടതി പറഞ്ഞു.

അഹമ്മദാബാദിലെ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, ഐ.ജെ. വോ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വിഷയത്തില്‍ പൊതു താല്പര്യ ഹര്‍ജി പ്രകാരം കോടതി നിയമ നടപടികള്‍ ആരംഭിച്ചു. 

'സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ ദയനീയമാണെന്നത് വളരെ സങ്കടകരവും വേദനാജനകവുമാണ്. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രി വളരെ മോശം അവസ്ഥയിലാണെന്ന് കാണിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു'  കോടതി നിരീക്ഷിച്ചു. 

'രോഗികളെ ചികിത്സിക്കാനുള്ളതാണ് സര്‍ക്കാര്‍ ആശുപത്രികള്‍. പക്ഷേ ഇത് ഒരു തടവറ പോലെ തോന്നുന്നു. ചിലപ്പോള്‍ ഒരു തടവറയേക്കാള്‍ മോശമായിരിക്കാം. നിര്‍ഭാഗ്യവശാല്‍, ദരിദ്രരും നിസ്സഹായരുമായ രോഗികള്‍ക്ക് മറ്റ് മാര്‍ഗമില്ല. '  കോടതി കൂട്ടിച്ചേര്‍ത്തു. 

ശനിയാഴ്ച 396 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ ആകെ കോവിഡ് കേസുകള്‍ 13,669 ആയി ഉയര്‍ന്നിരുന്നു.  829 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com