'എംപിയെ കണ്ടവരുണ്ടോ ?' ; പ്രഗ്യാ സിങിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍ ; കാന്‍സറിന് ചികില്‍സയിലെന്ന് ബിജെപി

'ദുരിത സമയങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ഇത്തരം ജനപ്രതിനിധികളെ ഭാവിയില്‍ തെരഞ്ഞെടുക്കരുത്'
'എംപിയെ കണ്ടവരുണ്ടോ ?' ; പ്രഗ്യാ സിങിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍ ; കാന്‍സറിന് ചികില്‍സയിലെന്ന് ബിജെപി

ഭോപാല്‍ :  മധ്യപ്രദേശിലെ ഭോപ്പാലില്‍ കോവിഡ് രോഗം വ്യാപകമായി പടരുമ്പോഴും മണ്ഡലത്തിലെ എംപിയായ ബിജെപി നേതാവ് പ്രഗ്യാ സിങിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. കൊറോണ മൂലം മണ്ഡലത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ എംപിയെ എവിടെയും കാണാനില്ലെന്ന് ആരോപിക്കുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കാണാതായവര്‍ക്കായി അന്വേഷിക്കുക എന്നും പ്രഗ്യാസിങ് ഠാക്കൂറിന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്.

'ഇനി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് ചിന്തിക്കണം. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നഗരത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ എവിടെയും കാണാനില്ല. ദുരിത സമയങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ഇത്തരം ജനപ്രതിനിധികളെ ഭാവിയില്‍ തെരഞ്ഞെടുക്കരുത്. പ്രഗ്യാ സിങ് ഠാക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ട്. വിഷമിക്കേണ്ട കാര്യമില്ല' മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞു.

എന്നാല്‍, പ്രഗ്യാസിങിന്റെ അഭാവത്തെ ന്യായീകരിച്ച് ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി. പ്രഗ്യാ സിങ് കാന്‍സറിന് എയിംസില്‍ ചികിത്സയിലാണ്. പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, സമൂഹ അടുക്കളയിലൂടെ ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ നിരവധി പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. ദിഗ്‌ വിജയ് സിംഗിന്റെ പൊതുപ്രവര്‍ത്തനം വെറും രാഷ്ട്രീയം മാത്രമാണെന്നും  കോത്താരി പറഞ്ഞു.

ഈ മാസം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെയും മകന്‍ നകുല്‍ നാഥിനെയും കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു നേതാക്കളെയും കണ്ടെത്തുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മന്ത്രിമാരായ ഇമാര്‍ട്ടി ദേവി, ലഖാന്‍ സിങ് യാദവ് എന്നിവരെയും കാണാനില്ലെന്ന് കാണിച്ച് ഈ മാസം ഗ്വാളിയറിന്റെ ചമ്പല്‍ പ്രദേശത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ രണ്ടു പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com