ന്യൂഡല്‍ഹി: 60കാരന്റെ പീഡനത്തിന് ഇരയായ 16കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടക്കത്തില്‍ കുഞ്ഞിനെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എട്ടുമാസം മുന്‍പ് 60കാരന് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടുകാരെ ഭയന്ന് ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചു. വീടിന്റെ ടെറസില്‍ പ്രസവിച്ച 16കാരി, കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന്റെ സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.
കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ