പൂജയ്ക്ക്  10,000 രൂപ സംഭാവന വേണം, നല്‍കില്ലെന്ന് യുവാവ്; തലയ്ക്കടിച്ച് 18,400 രൂപ കവര്‍ന്നു

കാളി പൂജയ്ക്ക് സംഭാവനയായി വലിയ സംഖ്യ ചോദിച്ചതിനെ തുടര്‍ന്ന് തരാന്‍ വിസമ്മതിച്ച യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കാളി പൂജയ്ക്ക് സംഭാവനയായി വലിയ സംഖ്യ ചോദിച്ചതിനെ തുടര്‍ന്ന് തരാന്‍ വിസമ്മതിച്ച യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. പതിനായിരം രൂപയാണ് പിരിവായി സംഘം ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ ശേഷിയില്ല എന്ന് പറഞ്ഞ യുവാവില്‍ നിന്ന് 18,400 രൂപ കവര്‍ന്നു.യഥാര്‍ത്ഥത്തില്‍ പിരിവ് നല്‍കാതിരുന്നതല്ല,  മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൊല്‍ക്കത്തയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ അജയ്കുമാര്‍ മിശ്രയാണ് ആക്രമണത്തിന് ഇരയായത്. ശമ്പളം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം ഉണ്ടായത്. വഴിമധ്യേ ലോക്കല്‍ ക്ലബിലെ അംഗങ്ങള്‍ തടഞ്ഞാണ് യുവാവിനെ ആക്രമിച്ചത്. 

പൂജ പന്തല്‍ കാണിച്ച് സംഘം യുവാവില്‍ നിന്ന് പിരിവ് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് വലിയ തുക ചെലവഴിച്ചാണ് പൂജ പന്തല്‍ തയ്യാറാക്കിയതെന്നും പിരിവായി പതിനായിരം രൂപ നല്‍കണമെന്നതുമായിരുന്നു സംഘത്തിന്റെ ആവശ്യം. 200 രൂപ വരെ തരാമെന്നും അതില്‍ കൂടുതല്‍ നല്‍കാന്‍ തനിക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയില്ലെന്നും യുവാവ് മറുപടി പറഞ്ഞു.

തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയ സംഘത്തിലെ ഒരാള്‍ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുന്‍പ്  അജയ്കുമാര്‍ മിശ്രയുടെ കൈവശമുള്ള 18,400 രൂപ സംഘം കവര്‍ന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞ സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കണ്ണിന് പരിക്കേറ്റ യുവാവിന് നാല് സ്റ്റിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com