ഇന്ത്യയുടെ നയതന്ത്രവിജയം?; മെയോടെ സൈനിക പിന്മാറ്റം പൂര്‍ണമാകും, 400 ടാങ്കുകളും കവചിത വാഹനങ്ങളും ചൈന പിന്‍വലിക്കും 

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ചൈനയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ചൈനയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി. തന്ത്രപ്രധാനമായ ഫിംഗര്‍ എട്ട് മലനിരയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാംഗോഗ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് ഫിംഗര്‍ എട്ട് മലനിര.

സൈനിക, നയതന്ത്രതലത്തില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയുള്ള ചൈനയുടെ പിന്മാറ്റം ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കണക്കുകൂട്ടുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയായി ഇന്ത്യ കണക്കാക്കുന്ന് സ്ഥലമാണ് ഫിംഗര്‍ എട്ട് മലനിര. 2021 ഏപ്രില്‍- മെയ് മാസത്തോടെ ഇരുരാജ്യങ്ങളുടെയും സൈനിക പിന്മാറ്റം പൂര്‍ണമാകുമെന്നാണ് കരുതുന്നത്.

പരസ്പരം അഭിമുഖമായി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിലവിലുള്ള സ്ഥാനത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ ശ്രമിക്കുന്നത്. ഫിംഗര്‍ നാല് വരെയുള്ള ഭാഗങ്ങള്‍ അധീനതയിലാക്കി ചൈനയാണ് പ്രകോപനത്തിന് തുടക്കമിട്ടത്. മൂന്ന് ഘട്ടങ്ങളിലായി അതിര്‍ത്തി ലംഘിച്ച് കയ്യേറിയ ഭാഗത്ത്് നിന്ന് പിന്മാറാനാണ് ചൈന ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ പാംഗോഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള സ്പാന്‍ഗുര്‍ ഗ്യാപ്പില്‍ നിന്ന് 400 ടാങ്കുകളെ ചൈന പിന്‍വലിക്കും. കിഴക്കന്‍ ലഡാക്കില്‍ സ്പാന്‍ഗുര്‍ ഗ്യാപ്പിലും ഡെപ്‌സാങ് മേഖലയിലും ചൈനയുടെ വര്‍ധിച്ച തോതിലുള്ള സൈനിക സാന്നിധ്യമുണ്ട്. നിരവധി ടാങ്കുകളും കവചിത വാഹനങ്ങളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള സൈനികമായ പിന്മാറ്റം ഇന്ത്യന്‍ നയതന്ത്രവിജയമായി കണക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഏപ്രില്‍-മെയ് മാസത്തോടെ സൈനിക പിന്മാറ്റം പൂര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ് ഏപ്രില്‍-മെയ് മാസത്തിന് മുന്‍പുള്ള സ്ഥാനങ്ങളിലേക്ക് സേനകളെ തിരിച്ചുകൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എട്ടാമത്തെ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ്  നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com