ഡല്‍ഹിയില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക്, നാലുപേരില്‍ ഒരാള്‍ക്ക് കോവിഡ്, വൈറസ് ബാധ എല്ലാ വീട്ടിലും എത്തിയെന്ന് സിറോ സര്‍വേ ഫലം 

ടെസ്റ്റിന് വിധേയരാക്കിയവരില്‍ 25 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു
ചാന്ദ്നി ചൗക്കിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട തിരക്ക്
ചാന്ദ്നി ചൗക്കിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട തിരക്ക്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിലേക്ക്. പ്രതിദിന കേസുകളില്‍ റെക്കോഡ് വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഓരോ നാലുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചു. ഏതാണ്ട് എല്ലാ വീട്ടിലും വൈറസ് ബാധ എത്തിയതായി ഡല്‍ഹിയിലെ സിറോ സര്‍വേ ഫലം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

നാലാം റൗണ്ട് സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് വ്യക്തമാക്കുന്നത്.  വൈറസ് ബാധയേല്‍ക്കാത്ത വീടുകള്‍ വിരളമാണ്. സംസ്ഥാനത്തെ മധ്യജില്ലകളാണ് ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്നത്.ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസത്തിനേക്കാള്‍ രണ്ടു മടങ്ങ് വൈറസ് വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ടെസ്റ്റിന് വിധേയരാക്കിയവരില്‍ 25 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡി രൂപപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളിലാണ്. സ്ത്രീകളില്‍ 26.1 ശതമാനവും പുരുഷന്മാരില്‍ 25 .06 ശതമാനവുമാണ് ആന്റിബോഡി കണ്ടെത്തിയത്.  ഒക്ടോബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. 

ജസ്റ്റിസുമാരായ ഹിമ കൊഹ് ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് സിറോ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും, കോവിഡ് നിയന്ത്രണങ്ങളില്‍ എന്തുകൊണ്ട് ഇളവുകള്‍ നല്‍കുന്നുവെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ കിടക്കകളും വെന്റിലേറ്റര്‍ അടക്കമുള്ള ആശുപത്രി സംവിധാനങ്ങളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 20,000 ലേറെ ബെഡുകല്‍ അടിയന്തരമായി അനുവദിക്കണം. അതില്‍ 300 ലേറെ ഐസിയു ബെഡ്ഡും വേണമെന്ന് കെജരിവാള്‍ കേന്ദ്ര് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അതിനിടെ, മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഏത് സന്നിഗ്ധ ഘട്ടത്തെയും നേരിടാന്‍ തയ്യാറാകണമെന്നും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിന്റെ കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  ദീപാവലി അടക്കമുള്ള ആഘോഷവേളകളുടെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com