അണയാത്ത പ്രതിഷേധം; പിൻമാറാതെ കർഷകർ; ഡൽഹി ചലോ മാർച്ച് മൂന്നാം ദിനത്തിലേക്ക്

അണയാത്ത പ്രതിഷേധം; പിൻമാറാതെ കർഷകർ; ഡൽഹി ചലോ മാർച്ച് മൂന്നാം ദിനത്തിലേക്ക്
അണയാത്ത പ്രതിഷേധം; പിൻമാറാതെ കർഷകർ; ഡൽഹി ചലോ മാർച്ച് മൂന്നാം ദിനത്തിലേക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഡൽഹിക്കുള്ളിലും അതിർത്തിയിലും കർഷകരുടെ സമരം തുടരുന്നു. സമരക്കാർക്ക് ഡൽഹിയിൽ മാർച്ച് നടത്താൻ പൊലീസ് ഇന്നലെ അനുമതി നൽകിയിരുന്നു. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടിൽ സമരം നടത്താനാണ് ഡൽഹി പൊലീസ് കമ്മീഷണർ അനുമതി നൽകിയിട്ടുള്ളത്. ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും  ഡൽഹി- ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. 

പൊലീസ് നിർദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഇന്നലെ ഡൽഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ ജന്തർ മന്ദറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ഡൽ​ഹി- ഹരിയാന അതിർത്തിയിൽ തുടരുകയാണ്. 

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ഡൽഹി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്. ഡൽഹി- ഹരിയാന അതിർത്തിയായ സിംഘുവിൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അൽപ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രം​ഗത്തുണ്ടായത്.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിൻറെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എല്ലാ കർഷക സംഘടനകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com