അങ്കത്തിനിറങ്ങുമോ 'ദളപതി'യുടെ പാര്‍ട്ടി ?;  രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് 

പാര്‍ട്ടി സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണു മന്‍ട്രം ഭാരവാഹികള്‍
അങ്കത്തിനിറങ്ങുമോ 'ദളപതി'യുടെ പാര്‍ട്ടി ?;  രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് 

ചെന്നൈ :  സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്നു വിരാമമായേക്കും. അടിയന്തരമായി രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുടെ യോഗം ഇന്നു ചേരും. രാവിലെ 10നു കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡലത്തിലാണു നിര്‍ണായക യോഗം. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് രജനി ഇന്ന് മനസ്സ് തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. പലവിധ കാരണങ്ങളാല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവര്‍ത്തനം തുടങ്ങിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. 

അതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നു

എന്നാല്‍ പാര്‍ട്ടി സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണു മന്‍ട്രം ഭാരവാഹികള്‍. പാര്‍ട്ടി പ്രഖ്യാപനത്തില്‍ താരത്തിനു മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. ഇന്നത്തെ യോഗത്തില്‍ മക്കള്‍ മന്‍ട്രം ഭാരവാഹികളുടെ മുന്നില്‍ സൂപ്പര്‍ സ്റ്റാര്‍ നിലപാടു പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതിനിടെ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയില്‍ നിരവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുടെ യോഗം ഇന്നു ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com