ഹാഥ്‌രസിലേക്ക് പോയ എഎപി എംപിക്ക് നേരെ കരി ഓയില്‍ പ്രയോഗം; ആക്രമണം നടത്തി സവര്‍ണ സമാജ്

ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങിന് എതിരെ നേരെ ആക്രമണം. 
ഹാഥ്‌രസിലേക്ക് പോയ എഎപി എംപിക്ക് നേരെ കരി ഓയില്‍ പ്രയോഗം; ആക്രമണം നടത്തി സവര്‍ണ സമാജ്

ഹാഥ്‌രസ്: ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങിന് എതിരെ നേരെ ആക്രമണം.  സവര്‍ണ സമാജ് എന്ന സംഘടനയില്‍പ്പെട്ടവരാണ് എംപിക്കെതിരെ ആക്രമണം നടത്തിയത്. ഇവര്‍ സഞ്ജയ് സിങിന് മേല്‍ കരി ഓയിലൊഴിച്ചു.

അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കേസില്‍ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീടിന് സമീപം സവര്‍ണ ജാതിക്കാര്‍ യോഗം ചേര്‍ന്നിരുന്നു. കൊലപാതകത്തിന് എതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ ചെറുക്കാന്‍ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ആം ആദ്മി എംപിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'ജസ്റ്റിസ് ഫോര്‍ ഹാഥ് രസ് വിക്ടിം' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അമേരിക്കയിലെ 'ബ്ലാക്ക് ലിവ് മാറ്റര്‍' പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്ന വെബ്സൈറ്റാണ് ഇതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com