ആശങ്ക ഉയര്‍ത്തി കോവിഡ് മരണ നിരക്ക്; ഒരു മാസത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു

പത്തു ലക്ഷം പേരില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ നിരക്ക് (ഡെത്ത് പെര്‍ മില്യണ്‍) ഒരു മാസത്തിനിടെ ഇരട്ടിയായതായാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്
കോവിഡ് സുരക്ഷാ മുന്‍കരുതലുകളുമായി ജെഇഇ പരീക്ഷാ ഹാളിലേക്കു കടക്കാനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍-പിടിഐ
കോവിഡ് സുരക്ഷാ മുന്‍കരുതലുകളുമായി ജെഇഇ പരീക്ഷാ ഹാളിലേക്കു കടക്കാനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍-പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ നിരക്ക് കുതിച്ചുയരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. പത്തു ലക്ഷം പേരില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ നിരക്ക് (ഡെത്ത് പെര്‍ മില്യണ്‍) ഒരു മാസത്തിനിടെ ഇരട്ടിയായതായാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ മുപ്പതു വരെയുള്ള കണക്ക് അനുസരിച്ച് പത്തു ലക്ഷത്തിന് 20.4 ആയിരുന്നു രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ നിരക്ക്. 35,790 പേരാണ് ജൂലൈ അവസാനം വരെ വൈറസ് ബാധയേറ്റു മരിച്ചത്. ഓഗസ്റ്റ് മുപ്പതിന് അത് 64,369 ആഇ. പത്തു ലക്ഷത്തിന് 48 എന്ന നിലയിലേക്കാണ് നിരക്കു കുതിച്ചുയര്‍ന്നത്.

എട്ടു സംസ്ഥാനങ്ങളാണ് മരണ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലുള്ളത്. ഡല്‍ഹിയില്‍ പത്തു ലക്ഷത്തില്‍ 220 പേരാണ് കോവിഡ് ബാധിച്ചു മരിക്കുന്നത്. മഹാരാഷ്ട്രയില്‍ അത് 198 പേരാണ്.

അതേസമയം ആകെ വൈറസ് ബാധിതരില്‍ മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുറവാണ്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നായ 1.8 ആണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,357 പേര്‍ക്ക്. 1045 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു.

ഇന്നലത്തെ വര്‍ധനയോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,69,524 ആയി. ഇതില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളത്. 29,019,09 പേര്‍ രോഗമുക്തി നേടി. 66,333 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്.

ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 4,43,37,201 ആയതായി ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com