അതിര്‍ത്തിയിലേക്ക് സേനാനീക്കം ഇനി അതിവേഗം, തന്ത്രപ്രധാനമായ 43 പാലങ്ങള്‍ തുറക്കും; തവാങ്ങിലേക്ക് ടണല്‍ 

അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ സംസ്ഥാനങ്ങളിലാണ് തന്ത്രപ്രധാനമായ പാലങ്ങള്‍
അതിര്‍ത്തിയിലേക്ക് സേനാനീക്കം ഇനി അതിവേഗം, തന്ത്രപ്രധാനമായ 43 പാലങ്ങള്‍ തുറക്കും; തവാങ്ങിലേക്ക് ടണല്‍ 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, സേനാനീക്കം വേഗത്തിലും നിരീക്ഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായി അതിര്‍ത്തിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 43 പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് . അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ സംസ്ഥാനങ്ങളിലാണ് തന്ത്രപ്രധാനമായ പാലങ്ങള്‍.  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

ഏഴു സംസ്ഥാനങ്ങളിലായാണ് ഈ പാലങ്ങള്‍. ഇതില്‍ ഏഴെണ്ണം ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലാണ്. ഇത് അതിര്‍ത്തിയിലെ  സേനാനീക്കം എളുപ്പത്തിലാക്കും. ഓണ്‍ലൈനിലൂടെയാണ് ഈ പാലങ്ങളുടെ ഉദ്ഘാടനം രാജ്‌നാഥ് സിങ് നിര്‍വഹിക്കുക.

ലഡാക്കിന് പുറമേ അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളിലാണ് മറ്റു പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

പത്ത് പാലം ജമ്മു കശ്മീരിലാണ്. രണ്ടെണ്ണം ഹിമാചലിലും. ഉത്തരാഖണ്ഡ് 8, അരുണാചല്‍ പ്രദേശ് 8, സിക്കിം, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ നാലു വീതവുമാണ് മറ്റു പാലങ്ങള്‍. അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാന സ്ഥലമായ തവാങ്ങിലേക്കുളള ടണലിന്റെ നിര്‍മ്മാണോദ്ഘാടനവും പ്രതിരോധമന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും. 

ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പല നിര്‍ണായക പദ്ധതികളുടെയും നിര്‍മ്മാണ പ്രവൃത്തി കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ദാര്‍ച്ചയെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. മഞ്ഞ് മൂടി കിടക്കുന്ന നിരവധി മലകളെ മുറിച്ച് കടക്കുന്ന വിധമാണ് ഈ റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.  290 കിലോമീറ്റര്‍ ദൂരം വരുന്ന ഈ നിര്‍ദിഷ്ട പാത ലഡാക്കിലെ സേനാ നീക്കത്തിന് ഏറെ മേല്‍ക്കൈ നേടി തരുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com