മിസൈല്‍ തൊടുക്കാന്‍ ശേഷിയുളള ഡ്രോണുകള്‍, നിരീക്ഷണത്തിന് സാറ്റലൈറ്റ് അധിഷ്ഠിത ഹെറോണ്‍; ചൈനയെ നേരിടാന്‍ ഇന്ത്യ അടിമുടി സൈനിക നവീകരണത്തിന് 

ലഡാക്കില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, സേനാബലം വര്‍ധിപ്പിക്കുന്നതിനും അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാനും നടപടികള്‍ സ്വീകരിച്ച് ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, സേനാബലം വര്‍ധിപ്പിക്കുന്നതിനും അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാനും നടപടികള്‍ സ്വീകരിച്ച് ഇന്ത്യ. സായുധ ഡ്രോണുകള്‍ വാങ്ങാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഹെറോണ്‍ ഡ്രോണുകള്‍ പരിഷ്‌കരിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇതിനെല്ലാം പുറമേ നൂതനമായ ഡ്രോണുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയെയും സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് കൂടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സായുധ ഡ്രോണുകള്‍ വിന്യസിക്കണമെന്ന നിലപാടാണ് രാജ്യത്തെ മൂന്ന് സേനകള്‍ക്കും. 2017ല്‍ നിരീക്ഷണത്തിനായി അമേരിക്കയില്‍ നിന്ന് സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ നിരീക്ഷണത്തിന് പുറമേ ആയുധങ്ങള്‍ കൂടി വഹിക്കാന്‍ ശേഷിയുളള സായുധ ഡ്രോണുകളാണ് ഭാവിയില്‍ ആവശ്യം എന്ന നിലപാടിലാണ് സേനകള്‍ ഇപ്പോള്‍. അമേരിക്കയിലെ ജനറല്‍ ആറ്റോമിക്‌സ് നിര്‍മ്മിക്കുന്ന എംക്യൂ- 9ബി സ്‌കേ ഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യക്ക് താല്‍പ്പര്യം.

40 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയും 40,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുളളതുമാണ് എംക്യൂ-9 ബി സ്‌കേ ഗാര്‍ഡിയന്‍ ഡ്രോണുകള്‍. ഇതിന് ആയുധങ്ങള്‍ വഹിക്കാനുളള ശേഷിയാണ് മറ്റൊരു സവിശേഷത. 2.5 ടണ്‍ വരെയുളള ലേസര്‍ ഗൈഡഡ് ബോംബുകളും ആകാശത്ത് നിന്ന് കരയിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും വഹിക്കാനുളള ശേഷി ഇതിനുണ്ട്. ഡ്രോണുകള്‍ കൈമാറുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടവുമായി ഇന്ത്യ ചര്‍ച്ചയിലാണ്. അമേരിക്ക നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഡ്രോണുകള്‍ കൈമാറാന്‍ താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഹെറോണ്‍ ഡ്രോണുകള്‍ പരിഷ്‌കരിക്കണമെന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാറ്റലൈറ്റുമായി ലിങ്ക് ചെയ്ത് നിരീക്ഷണം ശക്തമാക്കാന്‍ കഴിയുന്ന തരത്തില്‍ ഡ്രോണുകള്‍ പരിഷ്‌കരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ശരാശരി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്നതാണ് ഹെറോണ്‍ ഡ്രോണുകള്‍. ഇതിന് പ്രവര്‍ത്തനക്ഷമത കൂടുതലാണ്. അതായത് കൂടുതല്‍ മണിക്കൂറുകള്‍ ഇതിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. സാറ്റലൈറ്റുമായി ബന്ധിപ്പിക്കുന്നതോടെ നിരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം കൈമാറാന്‍ സാധിക്കുമെന്ന് ഇന്ത്യ കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com