കോവിഡ് ബാധിതര്‍ വര്‍ധിക്കാന്‍ കാരണം നിസാമുദ്ദീന്‍ മതസമ്മേളനമെന്ന് കേന്ദ്രം; 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 386 പുതിയ കേസുകള്‍

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനമാണ് ചുരുങ്ങിയ മണിക്കൂറിനുളളില്‍ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനമാണ് ചുരുങ്ങിയ മണിക്കൂറിനുളളില്‍ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തതാണ് കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാന്‍ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ്
അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിര കണക്കിന് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ ദേശീയ തലത്തിലുണ്ടായ ട്രെന്‍ഡായി കാണാന്‍ സാധിക്കില്ലെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.രാജ്യത്തെ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 8000ഓളം ആളുകള്‍ മതചടങ്ങുകളില്‍ പങ്കെടുത്തതായാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട് 536 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. 1810 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നതായും ഡല്‍ഹി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 1637പേര്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കണക്കനുസരിച്ച് 38പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 132 ആളുകള്‍ രോഗത്തില്‍ നിന്ന്‌ മുക്തി നേടി. 20,000 കോച്ചുകള്‍ നവീകരിച്ച്  3.2 ലക്ഷം ഐസോലേഷന്‍ ബെഡുകള്‍ സ്ഥാപിക്കാനുളള തയ്യാറെടുപ്പിലാണ് റെയില്‍വേ. 5000 കോച്ചുകളുടെ നവീകരണം ആരംഭിച്ച് കഴിഞ്ഞെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 300ലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ 200ന് മുകളിലാണ്.112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 120 ആയി. കര്‍ണാടകയില്‍ നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com