രാജ്യത്ത് ഒരു കോവിഡ് മരണം കൂടി ; 44 പേര്‍ക്ക് കൂടി കോവിഡ് ; തബ്‌ലീഗില്‍ പങ്കെടുത്ത 500 വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്

ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു 
രാജ്യത്ത് ഒരു കോവിഡ് മരണം കൂടി ; 44 പേര്‍ക്ക് കൂടി കോവിഡ് ; തബ്‌ലീഗില്‍ പങ്കെടുത്ത 500 വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി. 

രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 

കാംരൂപ് മെട്രോ, കാംരൂപ് , ഗോലാഘട്ട്, മരിഗാവോണ്‍ എന്നിവിടങ്ങലിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. 

പഞ്ചാബിലെ മാന്‍സയിലും മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ഇവരുമായി സമ്പര്‍ക്കമുള്ള 17 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി പഞ്ചാബ് ചീഫ് സെക്രട്ടറി കെബിഎസ് സിധു അറിയിച്ചു. 

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു. അതിനിടെ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 500 ഓളം വിദേശ പ്രതിനിധികള്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ഇവര്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലായി തങ്ങുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com