'ഞാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, എന്തടിസ്ഥാനത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തി?'; ലോക്ക്ഡൗണ്‍ ലംഘിച്ച 29കാരന്‍ പിടിയില്‍ 

ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കുടുക്കി.
'ഞാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, എന്തടിസ്ഥാനത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തി?'; ലോക്ക്ഡൗണ്‍ ലംഘിച്ച 29കാരന്‍ പിടിയില്‍ 

ന്യൂഡല്‍ഹി: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കുടുക്കി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കളളം പൊളിഞ്ഞത്. തുടര്‍ന്ന് യുവാവിനെതിരെ കേസെടുക്കുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. 29കാരനായ യുവാവാണ് ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ നുണ പറഞ്ഞത്. 

ചെക്ക്‌പോയിന്റില്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് യുവാവ് പൊലീസുകാരുടെ നേര്‍ക്ക് തട്ടിക്കയറി. കാറില്‍ ഡല്‍ഹി പൊലീസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പൊലീസുകാരോട് കയര്‍ത്തത്. എന്തടിസ്ഥാനത്തില്‍ വാഹനം തടഞ്ഞു നിര്‍ത്തിയെന്നും അദ്ദേഹം ചോദിച്ചു.

യുവാവിന്റെ അവകാശവാദം കേട്ട് തുടക്കത്തില്‍ അമ്പരന്ന് പോയ പൊലീസ് പിന്നീട് ഐഡി കാര്‍ഡ് ചോദിച്ചു. ഉടനെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫയല്‍ എന്ന വ്യാജേന ചില രേഖകള്‍ കാണിക്കുകയും താന്‍ 2009 ബാച്ചിലെ ഐഎഎസുകാരനാണെന്ന് അവകാശപ്പെടുകയും ചെയ്തു. കൂടാതെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളും ഒന്നിന് പിറകെ ഒന്നായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കളളം പുറത്തായതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com