രാജ്ഭവന്‍ ഗൂഢാലോചനയുടെ കൂടാരമാകരുത് ; ഗവര്‍ണര്‍ക്കെതിരെ ശിവസേന

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഇതുവരെ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് ശിവസേനയെ ചൊടിപ്പിച്ചത്
രാജ്ഭവന്‍ ഗൂഢാലോചനയുടെ കൂടാരമാകരുത് ; ഗവര്‍ണര്‍ക്കെതിരെ ശിവസേന

മുംബൈ : മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കെതിരെ ശിവസേന രംഗത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് സംസ്ഥാന മന്ത്രിസഭായോഗം നിര്‍ദേശം പാസ്സാക്കിയിരുന്നു. ഇത് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് നല്‍കിയെങ്കിലും ഇതുവരെ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് ശിവസേനയെ ചൊടിപ്പിച്ചത്.

രാജ്ഭവന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ കൂടാരമാകരുത്. ഓര്‍ക്കുക, ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ ചരിത്രം വെറുതെ വിട്ടിട്ടില്ല. ഗവര്‍ണറുടെ പേര് എടുത്തുപറയാതെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

മന്ത്രിസഭായോഗ തീരുമാനത്തിന്മേല്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി രാഷ്ട്രീയപ്രേരിതമായാണ് തീരുമാനം വെച്ചു താമസിപ്പിക്കുന്നതെന്നാണ് ശിവസേനയുടെ ആരോപണം.

ഭരണഘടന അനുസരിച്ച് മുഖ്യമന്ത്രിയോ, മന്ത്രിമാരോ നിയമസഭ അംഗമല്ലെങ്കില്‍ ആറുമാസത്തിനകം സഭയില്‍ അംഗമായിരിക്കണം. അല്ലെങ്കില്‍ രാജിവെക്കേണ്ടി വരും. 2019 നവംബര്‍ 28 നാണ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2020 മെയ് 28 ന് മുഖ്യമന്ത്രിപദത്തില്‍ ആറുമാസം കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് താക്കറെയെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com