കോവിഡ് ചികിത്സാരംഗത്ത് പ്രതീക്ഷ, സെപ്റ്റംബറോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി; വില 1000 രൂപ 

കൊറോണ വൈറസിനുള്ള വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി
കോവിഡ് ചികിത്സാരംഗത്ത് പ്രതീക്ഷ, സെപ്റ്റംബറോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി; വില 1000 രൂപ 

ന്യൂഡല്‍ഹി: കൊറോണ വൈറസിനുള്ള വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി. ഏകദേശം 1000 രൂപയ്ക്ക് വാക്‌സിന്‍ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെറം ഇന്‍സ്റ്റ്ര്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല പറഞ്ഞു. കൊറോണ വൈറസിനെതിരെയുളള വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പരീക്ഷണം നടത്തുന്ന സ്ഥാപനമാണ് സെറം.

മെയ് അവസാനത്തോടെ വാക്‌സിന്‍ വികസിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനവാല പറഞ്ഞു. യുകെയിലെയും യുഎസിലെയും ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ നിര്‍മിക്കുന്നത്. 

കൊറോണയ്ക്ക് എതിരായ വാക്‌സിന്‍ രണ്ട് വര്‍ഷത്തിനുള്ളിലോ അല്ലെങ്കില്‍ കുറഞ്ഞത് 18 മാസത്തിന് മുമ്പോ വിപണിയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മിക്ക ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ വേഗം നടക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലായെന്നും അദര്‍ പൂനവാല പറഞ്ഞു. 

കോഡ്‌ജെനിക്‌സും മറ്റ് യുഎസ് പങ്കാളികളുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുവരുന്നതിനിടെയാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി കൈകോര്‍ത്തത്. അല്ലാത്തപക്ഷം വാക്‌സിന്‍ 2021ല്‍ മാത്രമേ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുകയുളളൂവെന്നാണ് കരുതിയിരുന്നത്. 'എന്നാല്‍ ഏകദേശം ഒരാഴ്ച മുമ്പ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അത് വളരെ വലിയ പുരോഗതിയുണ്ടാക്കി'- പൂനവാല പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിക്കഴിഞ്ഞു. വാക്‌സിന്റെ വില കൃത്യമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും ആയിരം രൂപയ്ക്കടുത്തായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓക്‌സ്‌ഫോര്‍ഡ് ടീമായിരുന്നു എബോളയ്‌ക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ പുതിയ വാക്‌സിന്റെ കാര്യത്തിലും അവരില്‍ വിശ്വാസമുണ്ടെന്ന് അദര്‍ പൂനവാല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com