കൊലപാതകം എന്ന് സംശയിച്ച് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു, അമ്മയും സഹോദരനും തിരിച്ചറിഞ്ഞു; അഞ്ചുദിവസത്തിന് ശേഷം 25 കാരി തിരിച്ചുവന്നു, ട്വിസ്റ്റ് 

മരിച്ചു എന്ന് വിധിയെഴുതിയ യുവതി തിരിച്ചുവന്ന ഞെട്ടലില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസും നാട്ടുകാരും
കൊലപാതകം എന്ന് സംശയിച്ച് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു, അമ്മയും സഹോദരനും തിരിച്ചറിഞ്ഞു; അഞ്ചുദിവസത്തിന് ശേഷം 25 കാരി തിരിച്ചുവന്നു, ട്വിസ്റ്റ് 

ലക്‌നൗ: മരിച്ചു എന്ന് വിധിയെഴുതിയ യുവതി തിരിച്ചുവന്ന ഞെട്ടലില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസും നാട്ടുകാരും. അഞ്ചുദിവസം മുന്‍പ് സൂട്ട്‌കേസില്‍ കണ്ട മൃതദേഹം 25കാരിയുടേതാണ് എന്ന് തിരിച്ചറിഞ്ഞ് സംസ്‌കരിച്ചിരുന്നു. യുവതിയുടേത് കൊലപാതകമാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി തിരിച്ചുവന്നത്. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 27നാണ് സംഭവം. സൂട്ട്‌കേസില്‍ കണ്ടെ മൃതദേഹം 25 വയസുകാരിയായ ബരീഷയുടേതാണെന്ന് ബന്ധുക്കള്‍ അവകാശപ്പെടുകയായിരുന്നു. ബരീഷയുടെ അമ്മയും സഹോദരനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സംസ്‌കാരം നടത്തി. 23 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. അലിഗഡ് സ്വദേശിനിയായ യുവതിയുടേത് കൊലപാതകമാണ് എന്ന സംശയത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതിനിടെയാണ് നാടകീയമായ സംഭവം ഉണ്ടായത്.

യുവതിയുടെ സംസ്‌കാരം നടത്തി ദിവസങ്ങള്‍ക്ക് ശേഷം അലിഗഡില്‍ വച്ച്  ബരീഷ വനിതാ പൊലീസുകാരിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീട് വിട്ട് നോയിഡയിലേക്ക് ഓടുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. അവിടെ ഒരു ഫാക്ടറിയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്നു. അതിനിടെ തന്റെ മൃതദേഹം കണ്ടെത്തിയെന്നും മാതാപിതാക്കള്‍ തിരിച്ചറിഞ്ഞെന്നുമുളള വാര്‍ത്ത അറിഞ്ഞ് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബുലന്ദ്ശഹര്‍ പൊലീസ് അറിയിച്ചു. ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊലപാതകമാണ് എന്ന് സംശയിച്ച് സംസ്‌കരിച്ച യുവതിയുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. സംസ്‌കാരചടങ്ങിന് മുന്‍പാണ് ഡിഎന്‍എ ശേഖരിച്ചത്. കേസില്‍ ഇത് ഗുണം ചെയ്യുമെന്ന് പൊലീസ് പറയുന്നു. നിലവില്‍ സംസ്‌കരിച്ച മൃതദേഹം അജ്ഞാതമായി തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com