പ്രിയങ്കയുടേത് പുതിയ നിലപാടല്ല; വിശദീകരണവുമായി കോണ്‍ഗ്രസ്

മുസ്ലിംലീഗിന് ആശങ്കയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി
പ്രിയങ്കയുടേത് പുതിയ നിലപാടല്ല; വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അയോധ്യയിലെ  രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം. പ്രിയങ്കാ ഗാന്ധിയുടേത് പുതിയ നിലപാടല്ല. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായി മാറണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. 

മുസ്ലിംലീഗിന് ആശങ്കയുണ്ടെങ്കില്‍ ഇക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ചയാകാം. വിഷയം സംസ്ഥാന നേതൃത്വത്തിന് പരിഹരിക്കാവുന്നതേയുള്ളൂവെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി. കമല്‍നാഥിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റേത് അല്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനാണെന്നാണ് കമല്‍നാഥ് അഭിപ്രായപ്പെട്ടത്. 80 കളില്‍ രാജീവ് ഗാന്ധിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് വഴി തുറന്നതെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.

ഭഗവാന്‍ ശ്രീരാമന്‍ ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന്‍ അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാഗാന്ധി നടത്തിയതെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു. 

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com