അവിവാഹിതയായ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി; ആറാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു

അവിവാഹിതയായ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി; ആറാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു
അവിവാഹിതയായ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി; ആറാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു

മുംബൈ: പ്രസവിച്ചതിന് പിന്നാലെ യുവതി നവജാത ശിശുവിനെ അപ്പാർട്ട്മെന്റിന്റെ ആറാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു. മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ പാന്ത് നഗർ ഗൗരീശങ്കർ വാഡിയിൽ താമസിക്കുന്ന 25 വയസുകാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രസവത്തിന് ശേഷം താൻ തന്നെയാണ് കുഞ്ഞിനെ ഫ്ളാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. തുടർന്ന് ഫ്ളാറ്റിനുള്ളിൽ പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അല്പനേരത്തേക്ക് യുവതി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു.

പിറ്റേദിവസം അപ്പാർട്ട്മെന്റിൽ എത്തിയ പാൽ വിതരണക്കാരനാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇയാൾ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. എന്നാൽ ഫ്ളാറ്റിൽ ഗർഭിണിയായ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിൽ മറ്റു താമസക്കാർക്കും കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സംഘം താമസക്കാരെ മുഴുവൻ നിരീക്ഷിക്കുകയായിരുന്നു.

അതിനിടെയാണ് അവശയായ നിലയിൽ 25കാരി ഫ്ളാറ്റിൽ നിന്നു പുറത്തേക്കിറങ്ങിയത്. എന്തു പറ്റിയെന്ന് തിരക്കിയ വനിതാ പൊലീസിനോട് സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വനിതാ പൊലീസ് തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞെന്നും അതിനെത്തുടർന്നാണ് ആരോഗ്യനില മോശമായതെന്നും ഡോക്ടർമാർ പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.

തലയ്ക്കേറ്റ മാരകമായ പരിക്കാണ് നവജാത ശിശുവിന്റെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ജനന സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com