പ്രമേഹരോഗിയായതിനാല്‍ ഉരുളക്കിഴങ്ങ് കറി തിന്നാന്‍ വിസമ്മതിച്ചു, അലക്കുവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ, അസഭ്യവര്‍ഷം; 40കാരന്‍ ആശുപത്രിയില്‍ 

ഭക്ഷണത്തൊടൊപ്പം ഉരുളക്കിഴങ്ങ് കറി ഉപയോഗിക്കാന്‍ വിസമ്മതിച്ച പ്രമേഹരോഗിയായ ഭര്‍ത്താവിനെ ഭാര്യ അലക്കുവടി  ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്:  ഭക്ഷണത്തൊടൊപ്പം ഉരുളക്കിഴങ്ങ് കറി ഉപയോഗിക്കാന്‍ വിസമ്മതിച്ച പ്രമേഹരോഗിയായ ഭര്‍ത്താവിനെ ഭാര്യ അലക്കുവടി  ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി. 40കാരന്‍ ഭാര്യയ്‌ക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പ്രമേഹത്തിന് ചികിത്സയില്‍ കഴിയുന്ന ഹര്‍ഷാദ് ഗോയലാണ് ഭാര്യയുടെ മര്‍ദ്ദനത്തിന് ഇരയായത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉരുളക്കിഴങ്ങ് കഴിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാകം ചെയ്ത് കൊണ്ടുവന്ന ഉരുളക്കിഴങ്ങ് കറി ഉപയോഗിക്കാന്‍ വിസമ്മതിച്ചാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം.

വെളളിയാഴ്ച രാത്രിയാണ് സംഭവം. രാത്രിയില്‍ ഭക്ഷണം എന്താണെന്ന് ഹര്‍ഷാദ് ഭാര്യയോട് ചോദിച്ചു. ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും എന്ന് ഭാര്യ മറുപടി പറഞ്ഞു. തനിക്ക് ഉരുളക്കിഴങ്ങ് കഴിക്കാന്‍ പാടില്ല എന്ന് അറിഞ്ഞുകൂടേ എന്ന് 40കാരന്‍ ചോദിച്ചു. തുടര്‍ന്ന്് ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഭാര്യ അസഭ്യം പറയാന്‍ തുടങ്ങിയതായും 40കാരന്റെ പരാതിയില്‍ പറയുന്നു. അസഭ്യം പറയുന്നതിനെതിരെ ഭര്‍ത്താവ് പ്രതിഷേധിച്ചു.

വാഷ്‌റൂമിലേക്ക് പോയ ഭാര്യ അലക്കുവടിയുമായി തിരിച്ചുവരികയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഹര്‍ഷാദിന്റെ പരാതിയില്‍ പറയുന്നു. ഹര്‍ഷാദിന്റെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. തോളിന് പൊട്ടല്‍ സംഭവിച്ച ഹര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com