14 കാരനെ കാലില്‍ കൂട്ടിക്കെട്ടി റോഡിലൂടെ വലിച്ചിഴച്ചു, കുറ്റിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ വൈറലായി, അറസ്റ്റ്

സ്‌കൂള്‍ പഠനം നിര്‍ത്തിയ 14 കാരന്‍ ചിപ്‌സ് നിര്‍മ്മാണ യൂണിറ്റില്‍ ജോലിക്ക് പോകുകയായിരുന്നു
14 കാരനെ കാലില്‍ കൂട്ടിക്കെട്ടി റോഡിലൂടെ വലിച്ചിഴച്ചു, കുറ്റിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ വൈറലായി, അറസ്റ്റ്

ഹൈദരാബാദ് : ജോലിക്ക് പോയില്ല എന്നാരോപിച്ച് 14 കാരനെ കാലില്‍ കയറിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ജില്ലയിലെ മല്‍കാപൂര്‍ ഗ്രാമത്തിലാണ് സംഭവം. 

സ്‌കൂള്‍ പഠനം നിര്‍ത്തിയ 14 കാരന്‍ ചിപ്‌സ് നിര്‍മ്മാണ യൂണിറ്റില്‍ ജോലിക്ക് പോകുകയായിരുന്നു. അടുത്തിടെ വീട്ടുകാരുമായി വഴക്കിട്ട് കുട്ടി വീട്ടില്‍ നിന്നും പോയി. പിന്നീട് അടുത്ത ദിവസമാണ് തിരിച്ചെത്തിയത്. 

ഇക്കാര്യം അറിഞ്ഞ 14 കാരന്റെ അമ്മാവനാണ് ജോലിക്ക് പോകാത്തതിന്റെ പേരില്‍ ക്രൂരശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇയാള്‍ കുട്ടിയുടെ കാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുകയും, ഒടുവില്‍ കുറ്റിയില്‍ കെട്ടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് തെറ്റുപറ്റിയെന്നും തന്നെ വിടണമെന്നും അപേക്ഷിച്ച് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. കുട്ടിയെ പ്രാകൃതശിക്ഷയ്ക്ക് വിധേയനാക്കുന്ന അമ്മാവനെ കണ്ടു നിന്ന സ്ത്രീകള്‍ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.  

വീഡിയോ പുറത്തുവന്നതോടെ ക്രൂരതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തതായി നവിപേട്ട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ യൂക്കൂബ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com