മേല്‍ക്കൂര ഇടിഞ്ഞുവീണു, വീടുകളില്‍ വെളളം കയറി, റോഡില്‍ ഗതാഗതക്കുരുക്ക്; ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ, പുറത്തിറങ്ങരുതെന്ന് ഗുരുഗ്രാം പൊലീസ് (വീഡിയോ)

രാജ്യതലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ നിരവധി ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി
മേല്‍ക്കൂര ഇടിഞ്ഞുവീണു, വീടുകളില്‍ വെളളം കയറി, റോഡില്‍ ഗതാഗതക്കുരുക്ക്; ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ, പുറത്തിറങ്ങരുതെന്ന് ഗുരുഗ്രാം പൊലീസ് (വീഡിയോ)

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ നിരവധി ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. റോഡില്‍ വെളളക്കെട്ട് രൂക്ഷമായതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഡല്‍ഹിക്ക് പുറമേ സമീപപ്രദേശങ്ങളിലും കനത്തമഴയാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ വെളളം കയറിയതോടെ ജനജീവിതം ദുസ്സഹമായി.

ബുധനാഴ്ച രാവില മുതല്‍ വ്യാഴാഴ്ച രാവിലെ വരെയുളള 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് തലസ്ഥാനത്ത് പെയ്തത്. 46 മില്ലിമീറ്റര്‍. പാലം വിമാനത്താവളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ 70.99മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയുടെ ആറ് മടങ്ങാണിത്. 

രാത്രിയില്‍ തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ ഡല്‍ഹിയിലെ ചൂട് കുറഞ്ഞു. 27 ഡിഗ്രിയായി അന്തരീക്ഷ ഊഷ്മാവ് താഴ്ന്നതായി അ്ധികൃതര്‍ വ്യക്തമാക്കി. കസ്തൂര്‍ബ അണ്ടര്‍പാസ്, എംബി റോഡ്, ആസാദ്പൂര്‍ പച്ചക്കറി ചന്ത, രാജ ഗാര്‍ഡന്‍ ഫ്‌ളൈ ഓവര്‍ തുടങ്ങിയ ഇടങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. 

ഡല്‍ഹി പശ്ചിമ വിഹാറില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. പലയിടങ്ങളിലും വീടുകളില്‍ വെളളം കയറിയിട്ടുണ്ട്.റോഡിന്റെ ചില ഭാഗങ്ങളില്‍ അരയ്ക്ക് ഒപ്പം വെളളം ഉണ്ട്. ഡല്‍ഹിയില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളപ്പൊക്ക കെടുതി നേരിടുന്ന ഗുരുഗ്രാമില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ഗുരുഗ്രാം പൊലീസ് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com