ലിഫ്റ്റ് വാഗ്ദാനം ചെയ്തു, യൂണിഫോമില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി, കയ്യാങ്കളി; ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ചു കൊന്നു

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ച് കൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 

ഡല്‍ഹി രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം.ഷഹ്ബാദ് ഡയറി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സുരേന്ദറിനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു സുരേന്ദര്‍. വഴിമധ്യേ ദ്വാരകയില്‍ താമസിക്കുന്ന ജിം ഉടമ ഗെലോട്ട് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ബന്ധുവീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗെലോട്ട്. യാത്രയുടെ ഇടയില്‍ ഒരുമിച്ച് മദ്യപിക്കാന്‍ ഇരുവരും തീരുമാനിച്ചു. മദ്യപിക്കുന്നത് ഗെലോട്ട് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയെന്ന് സുരേന്ദര്‍ പൊലീസിന് മൊഴി നല്‍കി. യൂണിഫോമില്‍ ആയതുകൊണ്ട് ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ താന്‍ നിരന്തരം ആവശ്യപ്പെട്ടു.

എന്നാല്‍ ഇതില്‍ നിന്ന് പിന്മാറാന്‍ ജിം ഉടമ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. ഗെലോട്ട് തന്നെ ആക്രമിക്കാന്‍ തുടങ്ങിയതായും സുരേന്ദര്‍ പൊലീസിനോട് പറഞ്ഞു. ഗത്യന്തരമില്ലാതെ താന്‍ സര്‍വീസ് റിവോള്‍വര്‍ എടുത്ത് ഗെലോട്ടിന് നേര്‍ക്ക് നിറയൊഴിച്ചു എന്ന് സുരേന്ദര്‍ പൊലീസിനോട് പറഞ്ഞു. 

സംഭവത്തിന് പിന്നാലെ സുരേന്ദര്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com