കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ മാത്രം കുറ്റപ്പെടുത്തും; രാജ്യവ്യാപക മുഹറം ഘോഷയാത്ര അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ മാത്രം കുറ്റപ്പെടുത്തും; രാജ്യവ്യാപക മുഹറം ഘോഷയാത്ര അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരുവിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ രംഗത്തുവരുമെന്നും അങ്ങനെയൊരു സ്ഥിതിയുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.  

കോവിഡ് കാലത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജയ്ക്കും സുപ്രീംകോടതി അനുമതി നല്‍കിയത് ഹര്‍ജിക്കാരനായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിയ പുരോഹിതന്‍ സയ്യദ് കല്‍ബെ ജാവേദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവ ഒരു പ്രത്യേക സ്ഥലത്തെ ആഘോഷങ്ങളായതിനാലാണ് അനുമതി നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യവ്യാപകമായി ഘോഷയാത്ര നടത്താന്‍ ആവശ്യപ്പെടുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

സാമൂഹിക അകലം പാലിച്ച് അഞ്ചപേര്‍ മാത്രമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി തേടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്തശേഷം പരിഗണിക്കാം എന്ന് വ്യക്തമാക്കി ആ ഹര്‍ജി മാറ്റുകയായിരുന്നു. ലഖ്‌നൗവില്‍ മാത്രം നടത്തണമെന്നുണ്ടെങ്കില്‍ അതിന് ഹര്‍ജിക്കാര്‍ക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com