വീണ്ടും ചൈനയുടെ പ്രകോപനം; മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു, ചിത്രങ്ങള്‍ പുറത്ത്, കരുതലോടെ ഇന്ത്യ 

അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം മൂന്ന് ഗ്രാമങ്ങള്‍നിര്‍മ്മിച്ച് ചൈനയുടെ പ്രകോപനം.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പരിശീലനം നടത്തുന്നു ( ഫയല്‍ ചിത്രം/ പിടിഐ)
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പരിശീലനം നടത്തുന്നു ( ഫയല്‍ ചിത്രം/ പിടിഐ)

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം മൂന്ന് ഗ്രാമങ്ങള്‍
നിര്‍മ്മിച്ച് ചൈനയുടെ പ്രകോപനം. ബം ലാ പാസില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ അധീനതയിലാക്കാന്‍ ലക്ഷ്യമിട്ട് ചൈനയുടെ തന്ത്രപരമായ നീക്കം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ട്രൈ- ജംഗ്ഷന് സമീപമാണ് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂട്ടാനില്‍ ചൈന ഗ്രാമം നിര്‍മ്മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വന്ന സമയത്താണ് ഗ്രാമങ്ങളുടെ നിര്‍മ്മാണം ചൈന തുടങ്ങിയതെന്ന് പ്ലാനെറ്റ് ലാബ്‌സിന്റെ റിപ്പാര്‍ട്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 17നാണ് ആദ്യഗ്രാമം പണിതത്. 20 കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് അന്ന് പുറത്തുവന്നത്. നവംബര്‍ 28ന് പുറത്തിറങ്ങിയ മറ്റൊരു ദൃശ്യത്തില്‍ 50 കെട്ടിടങ്ങള്‍ അടങ്ങിയ മറ്റൊരു ഗ്രാമവും വ്യക്തമാണ്. ഇതിന് പുറമേ മൂന്നാമതൊരു ഗ്രാമം കൂടി ചൈന നിര്‍മ്മിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 65000 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈനയുടേതാണ് എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇത് കാലങ്ങളായി അരുണാചലിന്റെ ഭാഗമാണെന്ന് പറഞ്ഞ് ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്.

ഹാന്‍ ചൈനീസ്, തിബറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ഗ്രാമങ്ങളില്‍ താമസിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഇതിലൂടെ മേഖലയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് അധിനിവേശം നടത്തി കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള ചൈനീസ് പ്രകോപനമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com