'ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുത്'; നിയമസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ കീറിയെറിഞ്ഞ് കെജരിവാള്‍, 'പുതിയ തരം ഓന്തെന്ന്' ബിജെപി (വീഡിയോ)

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിയുടെത് അവസരവാദ രാഷ്ട്രീയമാണ് എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി
നിയമസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ കീറിയെറിയുന്ന ഡല്‍ഹി മുഖ്യമന്ത്രി/ ചിത്രം: എഎന്‍ഐ
നിയമസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ കീറിയെറിയുന്ന ഡല്‍ഹി മുഖ്യമന്ത്രി/ ചിത്രം: എഎന്‍ഐ


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. 

കോവിഡ് മഹാമാരിയുടെ കാലത്ത് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട എന്ത് അത്യാവാശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ചോദിച്ച കെജരിവാള്‍, ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുത് എന്നാണ് കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ക്ക് പറയാനുള്ളത് എന്നും പറഞ്ഞു. കര്‍ഷക സമരത്തിന് എഎപി പിന്തുണ നല്‍കുമെന്നും സമരക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിയുടെത് അവസരവാദ രാഷ്ട്രീയമാണ് എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.  'മൂന്ന് കാര്‍ഷിക നിയമങ്ങളും ഡല്‍ഹി സര്‍ക്കാരിന്റെ ഗസറ്റില്‍ നവംബര്‍ 23ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അതേ നിയമത്തിന്റെ കോപ്പികള്‍ അവര്‍ നിയമസഭയില്‍ കീറിയെറിയുകയാണ്. ഇത് അവസരവാദ രാഷ്ട്രീയമാണ്.സന്ദേഹമില്ലാതെ നിറം മാറാന്‍ സാധിക്കുന്ന പുതിയ തരം ഓന്താണ് ഡല്‍ഹി മുഖ്യമന്ത്രി' ബിജെപി എംപി മീനാക്ഷി ലേഖി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com