'ആശ്രിതനിയമനത്തിന് വിവാഹിതയായ പെൺമക്കൾക്കും അവകാശമുണ്ട്, ജോലി നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധം'; കർണാടക ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2020 08:39 AM  |  

Last Updated: 18th December 2020 08:39 AM  |   A+A-   |  

Karnataka High Court

പ്രതീകാത്മക ചിത്രം

 

ബാം​ഗളൂർ; സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്കും അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി. വിവാഹത്തിലൂടെ രക്ഷിതാവും മകളും തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും ജോലിലഭിക്കാനുള്ള പെൺമക്കളുടെ അവകാശം നിഷേധിക്കുന്നത് വിവേചനവും ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സർക്കാർജോലിയിലിരിക്കേ മരിച്ച പിതാവിന്റെ ജോലിക്കായി അപേക്ഷിച്ചിട്ട് നിയമന ഉത്തരവ് ലഭിക്കാത്തതിനെതിരേ ബാംഗളൂരു സ്വദേശിനിയായ ഭുവനേശ്വരി വി. പുരാനിക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ആശ്രിതനിയമനത്തിനായി പരിഗണിക്കുമ്പോൾ ആൺമക്കൾ വിവാഹിതരാണോ എന്നത് മാനദണ്ഡമാക്കാത്തതുപോലെ പെൺമക്കളുടെ കാര്യത്തിൽ വിവാഹം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ബെലഗാവി കുടാച്ചി ഗ്രാമത്തിലെ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു  ഭുവനേശ്വരിയുടെ പിതാവ്. അച്ഛന്റെ മരണശേഷം ജോലിക്ക് അപേക്ഷിച്ചെങ്കിലും വിവാഹിതയാണെന്നതിന്റെപേരിൽ നിയമന ഉത്തരവ് നൽകിയില്ല. ഇതേത്തുടർന്ന് ഭുവനേശ്വരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.