തലസ്ഥാനം ആര്‍ക്കൊപ്പം ?; വോട്ടെണ്ണല്‍ തുടങ്ങി ; ആത്മവിശ്വാസത്തോടെ എഎപിയും ബിജെപിയും

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും
തലസ്ഥാനം ആര്‍ക്കൊപ്പം ?; വോട്ടെണ്ണല്‍ തുടങ്ങി ; ആത്മവിശ്വാസത്തോടെ എഎപിയും ബിജെപിയും


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എട്ടരയോടെ ആദ്യഫലസൂചനകള്‍ അറിയാനാകും. ഉച്ചയ്ക്ക് 12 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും. 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ 21 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എഎപിയും ബിജെപിയും. ഭരണം തുടരുമെന്ന് എഎപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, 55 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്.

സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമെ എണ്‍പത് കഴിഞ്ഞവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു. 62.59 ശതമാനം പേര്‍ വോട്ടു ചെയ്തു എന്ന കണക്ക്, തര്‍ക്കത്തിനൊടുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. എക്കാലത്തെയുംകാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അധികാരം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി ജനങ്ങളെ സമീപിച്ചപ്പോള്‍, നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരം തിരികെപ്പിടിക്കാനുള്ള പ്രയത്‌നത്തിലാണ് ബിജെപി. നഷ്ടപ്രതാപം വീണ്ടെടുക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും മല്‍സരരംഗത്തുണ്ട്.

ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും 2 മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എഎപി കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബിജെപി കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എക്‌സിറ്റ് പോളിനല്ല, എക്‌സാറ്റ് (യഥാര്‍ഥ) പോളിനായി കാത്തിരിക്കാനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com