'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാ​ഗ് സമരത്തെ വിമർശിച്ച് ​ഗവർണർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 08:01 PM  |  

Last Updated: 21st February 2020 08:01 PM  |   A+A-   |  

arif_muhammed_khan

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവർക്കെതിരെയുള്ള പരോക്ഷ വിമർശനമായിരുന്നു ഗവര്‍ണറുടെ വാക്കുകൾ. 
 
ആൾക്കാർ റോഡിലിരുന്ന് ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് തങ്ങളുടെ അഭിപ്രായം മറ്റുള്ളവരുടേമേൽ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണിതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സത്തയാണ്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരെ തടഞ്ഞ് നിര്‍ത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്', അദ്ദേഹം പറഞ്ഞു. 

അക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അത് പലരൂപങ്ങളിലൂടെയാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ഛത്ര സന്‍സദില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായങ്ങള്‍ പറയാന്‍ അനുവദിക്കാതിരുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ മൈക്ക് എടുത്ത് സംസാരിച്ചെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളം ഉണ്ടാക്കിയെന്നുമാണ് ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.