'ട്രംപിന്റെ സന്ദര്‍ശനം മരണവാറന്റ്'; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് യുവജന സംഘടനകള്‍

അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധവുമായി ഇടത് യുവജന സംഘടനകള്‍
'ട്രംപിന്റെ സന്ദര്‍ശനം മരണവാറന്റ്'; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് യുവജന സംഘടനകള്‍

കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധവുമായി ഇടത് യുവജന സംഘടനകള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും എഐവൈഎഫും അറിയിച്ചു.

'അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാല്‍ഡ് ട്രംപ്, ഫെബ്രവരി 24, 25 തീയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. 24 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തുന്ന ട്രംപ്, 25 ന് ഡല്‍ഹിയില്‍ വച്ച് ചില നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള അറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമാകുവാന്‍ കാരണങ്ങളില്‍ ഒന്നായ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മരണവാറണ്ട് ആയി ട്രംപ് സന്ദര്‍ശനം മാറാന്‍ ഇടയുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് പരിഹാരം കാണുവാന്‍ എന്തെങ്കിലും ചെയ്‌തെന്ന് സ്ഥാപിക്കുന്നതിനും ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കടന്നുകയറാനും ആണ് ട്രംപ് ശ്രമിക്കുന്നത്- ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. 

'പ്രതിവര്‍ഷം 42,000 കോടി വരുമാനം നല്‍കുന്ന കോഴിക്കാല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇനി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര ഗവണ്‍മെന്റ് ഈ സന്ദര്‍ശന വേളയില്‍ നല്‍കുമെന്ന് ഭയത്തിലാണ് പത്തുകോടി വരുന്ന ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍.

100% നിന്നും 10 % ആയി ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുവാനുള്ള നീക്കവും സന്ദര്‍ശനവേളയില്‍ നടക്കുന്നുണ്ട്. പഴവര്‍ഗങ്ങള്‍ ആയ ആപ്പിള്‍, ബ്ലൂബെറി, ചെറി എന്നിവയും കായ വര്‍ഗ്ഗങ്ങള്‍ ആയ വോള്‍നട്ട്,ആല്‍മണ്ട് എന്നിവയും ധാന്യവിളകള്‍ ആയ അരി,ഗോതമ്പ് സോയാബീന്‍, മൈസ് തുടങ്ങിയവയുമായ അമേരിക്കന്‍ ഉത്പന്നങ്ങളാണ് 100% നിന്ന് 10% ത്തിലേക്ക് കുറക്കുവാനുള്ള പട്ടികയിലുള്ളത്.  12 വര്‍ഷക്കാലം താന്‍ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികള്‍ അമേരിക്കന്‍ പ്രസിഡന്റ് കാണാതിരിക്കാന്‍ മതിലുകള്‍ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. 'സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരെ ഫെബ്രവരി 24 ന് ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.'-മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കേരളത്തില്‍ കരിദിനം ആചരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അമേരിക്കന്‍ ആയുധ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ പണം ചെലവഴിക്കുവാന്‍ ഉതകുന്ന കരാര്‍ ഇരു രാജ്യങ്ങളും ഒപ്പിടുവാന്‍ നീക്കം നടക്കുകയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ക്കനുസൃതമായ കരാറുകള്‍ക്കാണ് മോദിയും ട്രംപും രൂപം നല്‍കാനിരിക്കുന്നത്.

കെട്ടിഘോഷിക്കപ്പെടുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക പ്രദര്‍ശിപ്പിക്കുവാന്‍ ട്രംപ് കടന്നു പോകുന്ന വഴികളില്‍ മതിലുകള്‍ കെട്ടുകയാണ് മോദി. നാണം മറയ്ക്കാന്‍ മതില്‍ കെട്ടുന്ന മോദി ചേരിനിവാസികളെ ആട്ടിയോടിക്കുകയാണ്. അപ്രഖ്യാപിത ചേരികളുള്ളതില്‍ രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ട്രംപ് കാണാതിരിക്കുവാന്‍ ഇവിടുത്തെ വൃത്തിഹീനമായ ചേരികള്‍ മതില്‍ കെട്ടി മറക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണെന്നം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com