ആരെല്ലാം ഒരുമിച്ചു വന്നാലും ബിജെപി ഒരു ഇഞ്ച് പോലും പിന്നോട്ടില്ല; നിലപാടു വ്യക്തമാക്കി അമിത് ഷാ

പൗരത്വം എടുത്തുകളയുന്ന ബില്‍ അല്ല, മറിച്ച് നല്‍കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്
ആരെല്ലാം ഒരുമിച്ചു വന്നാലും ബിജെപി ഒരു ഇഞ്ച് പോലും പിന്നോട്ടില്ല; നിലപാടു വ്യക്തമാക്കി അമിത് ഷാ

ജോധ്പുര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ ഒരു ഇഞ്ചു പോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, ഒരാളുടെയും പൗരത്വം ഇതിലൂടെ ഇല്ലാതാവില്ലെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വം എടുത്തുകളയുന്ന ബില്‍ അല്ല, മറിച്ച് നല്‍കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. വോട്ടുബാങ്ക് ആണ് അവരുടെ ലക്ഷ്യം. വോട്ടുബാങ്കിന് വേണ്ടി സവര്‍ക്കറെപ്പോലെയുള്ള ഒരു വലിയ വ്യക്തിത്വത്തിന് എതിരെ പോലും സംസാരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഇതിന്റെ പേരില്‍ ലജ്ജിക്കേണ്ടി വരും.

ന്യൂനപക്ഷങ്ങള്‍ അന്തസായി ആണ് ഇന്ത്യയില്‍ ജീവിക്കുന്നത്. എന്നാല്‍ അയല്‍രാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. കോണ്‍ഗ്രസ് ആണ് അതിന് ഉത്തരവാദിയെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

രാഹുല്‍ ഗാന്ധി നിയമം പഠിച്ചതിനു ശേഷം ചര്‍ച്ചയ്ക്കു വരട്ടെ. അദ്ദേഹത്തിന് അതു പഠിക്കാന്‍ വേണമെങ്കില്‍ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തി നല്‍കാമെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com