ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, കല്ലേറ്; എബിവിപിക്കാര്‍ ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, കല്ലേറ്; എബിവിപിക്കാര്‍ ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. എബിവിപിക്കാരും സമരത്തിലുളള വിദ്യാര്‍ത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. പരസ്പരമുളള കല്ലേറില്‍  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റൂ.

വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസമായി നടക്കുന്ന സമരത്തിനിടെയാണ്, സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും എബിവിപി വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. പരസ്പരമുളള കല്ലേറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

എബിവിപിക്കാര്‍ സമരത്തിലുളളവരെ ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പരസ്യമായി മുഖത്തടിച്ചു. ഉറങ്ങി കിടക്കുകയായിരുന്ന വനിതാ വിദ്യാര്‍ത്ഥികളെ പുരുഷ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസ്താവനയില്‍ പറയുന്നു.

ശൈത്യകാല സെമസ്റ്ററിനായുളള രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി ഒന്നിന് സര്‍വകലാശാല ആരംഭിച്ചിരിക്കുകയാണ്. ഉയര്‍ന്ന ഫീസോട് കൂടിയുളള രജിസ്‌ട്രേഷന്‍ നടപടികളാണ് പുരോഗമിക്കുന്നത്. അവസാന സെമസ്്റ്ററിലെ അക്കാദമിക പഠനത്തിനാവശ്യമായ കാര്യങ്ങള്‍ ജനുവരി 20നകം പൂര്‍ത്തിയാക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വര്‍ധിപ്പിച്ച ഫീസ് പൂര്‍ണമായി പിന്‍വലിക്കാതെ രജിസ്‌ട്രേഷന്‍ നടപടികളുമായി സഹകരിക്കുകയില്ല എന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥി യൂണിയന്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com