ആശുപത്രി കിടക്കയില്‍നിന്ന് സമര രംഗത്തെത്തിയതിന് പിന്നാലെ ഐഷിക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ജെഎന്‍യുവില്‍ നടന്ന മുഖംമൂടി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമങ്ങളെ കാണുന്നു/ ചിത്രം: പിടിഐ
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമങ്ങളെ കാണുന്നു/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന മുഖംമൂടി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സര്‍വകലാശാല സര്‍വര്‍ റൂം നശിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐഷിക്കും മറ്റ് പത്തൊമ്പത് വിദ്യാര്‍ത്ഥികള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമം നടന്നതിന്റെ തലേദിവസം ക്യാമ്പസില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്.

അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഐഷി തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നും സമര രംഗത്തെത്തിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് നേരെയാണ് മുഖംമൂടി സംഘം അക്രമം നടത്തിയത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയനും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 34പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

സമര രംഗത്ത് തിരിച്ചെത്തിയ ഐഷി, രൂക്ഷഭാഷയിലാണ് എബിവിപിയെയും മോദി സര്‍ക്കാരിനെയും വിമര്‍ശിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സംഘടിത ആക്രമണമെന്ന് ഐഷി പറഞ്ഞു.  ആര്‍എസ്എസ് എബിവിപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ കുറച്ചു ദിവസമായി ക്യാമ്പസില്‍ ആര്‍എസ്എസ് അനുഭാവമുളള പ്രൊഫസര്‍മാരും എബിവിപി പ്രവര്‍ത്തകരും അക്രമത്തെ പ്രോത്സാഹിപ്പിച്ചു വരികയായിരുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിച്ച ഓരോ ഇരുമ്പുദണ്ഡിനും സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയും മറുപടി പറയും. എക്കാലത്തും ജെഎന്‍യുവിന്റെ സംസ്‌കാരം നിലനില്‍ക്കും.അതിന് ഒരുവിധത്തിലുമുളള കോട്ടവും സംഭവിക്കില്ല. സര്‍വകലാശാലയുടെ ജനാധിപത്യ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നും ഐഷി ഘോഷ് പറഞ്ഞു. വൈസ് ചാന്‍സലറെ ഉടന്‍ തന്നെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com