അവരെ തൂക്കിലേറ്റുന്ന പണം കൊണ്ട് എനിക്ക് മകളുടെ കല്യാണം നടത്താം...; കൂപ്പുകൈകളോടെ പവന്‍ ജല്ലാദ് പറയുന്നു

ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു. ഈ  നാലുപേരെയും തൂക്കിലേറ്റിയാല്‍ സര്‍ക്കാര്‍ എനിക്ക് ഒരുലക്ഷം രൂപ തരും. അതുകൊണ്ട് എനിക്കെന്റെ മകളുടെ വിവാഹം നടത്താം...
അവരെ തൂക്കിലേറ്റുന്ന പണം കൊണ്ട് എനിക്ക് മകളുടെ കല്യാണം നടത്താം...; കൂപ്പുകൈകളോടെ പവന്‍ ജല്ലാദ് പറയുന്നു

'ദൈവത്തിന് നന്ദി, അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടതിന്...' നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിക്കൊല്ലാന്‍ തിഹാര്‍ ജയില്‍ നിയോഗിച്ച പവന്‍ ജല്ലാദ് കൂപ്പുകൈകളോടെ പറയുന്നു. നാല് പ്രതികളെയും തൂക്കിലേറ്റുമ്പോള്‍ കിട്ടുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 

'ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു. ഈ  നാലുപേരെയും തൂക്കിലേറ്റിയാല്‍ സര്‍ക്കാര്‍ എനിക്ക് ഒരുലക്ഷം രൂപ തരും. അതുകൊണ്ട് എനിക്കെന്റെ മകളുടെ വിവാഹം നടത്താം...' മാസങ്ങളായി ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു... അവസാനം ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു...'57കാരനായ പവന്‍ പറയുന്നു. 

കാന്‍ഷിറാം ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ലഭിച്ച ഒറ്റമുറി വീട്ടിലിരുന്നാണ് പവന്‍ ഇത് പറയുന്നത്. പ്രതികളെ തൂക്കിലേറ്റുന്നതുവരെ ജില്ല വിട്ടുപോകരുത് എന്നാണ് അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

'ജനുവരി 22ന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എല്ലാം ശരിയായി നടക്കും എന്ന ഉറപ്പുവരുത്താന്‍ റിഹേഴ്‌സലുകള്‍ നടത്തുന്നതിനാണ് നേരത്തെ തിഹാറിലേക്ക് കൊണ്ടുപോകുന്നത്. 

5000രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്പളമായി നല്‍കുന്നത്. സമ്പാദിക്കാന്‍ മറ്റ് വഴികളില്ല. വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ എനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളു'-പവന്‍ പറയുന്നു. 

'മകളുടെ വിവാഹത്തിനുള്ള പണം സമ്പാദിക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. എനിക്ക് പാരമ്പര്യമായി കിട്ടിയ വീട് ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. എന്നെ വിശ്വസിക്കൂ, ഇപ്പോള്‍ കിട്ടുന്ന ഒരുലക്ഷം രൂപ എനിക്കൊരു പുതിയ ജീവിതം തരും...'- പവന്‍ പറയുന്നു. 

ഒരാളെ തൂക്കിലേറ്റുമ്പോള്‍ 25,000രൂപയാണ് ലഭിക്കുന്നത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ ഉള്ളതിനാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. 

തന്റെ മുത്തച്ഛന് കിട്ടിയിരുന്നത് വെറും 200രൂപയാണെന്നും ഇദ്ദേഹം ഓര്‍മ്മിക്കുന്നു. ' എനിക്കോര്‍മ്മയുണ്ട്, 1989ല്‍ മുത്തച്ഛനൊപ്പം ആഗ്രാ സെന്‍ട്രല്‍ ജയിലില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊന്നത്. മുത്തച്ഛന്‍ കയര്‍ വലിച്ചപ്പോള്‍ ഞാനാണ് പ്രതിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ചുവച്ചത്...അന്ന് ഞങ്ങള്‍ക്ക് 200 രൂപയാണ് ലഭിച്ചത്...' പവന്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ സത്വന്ദ് സിങിനെയും കെഹര്‍ സിങിനെയും തൂക്കിലേറ്റിയത് തന്റെ അച്ഛനും മുത്തച്ഛനും ചേര്‍ന്നാണെന്നും ഇദ്ദേഹം പറയുന്നു. 

എല്ലാ ആരാച്ചാര്‍മാരും മദ്യാപാനികളാണെന്ന പൊതുധാരണ തെറ്റാണെന്ന് പവന്‍ ചൂണ്ടിക്കാട്ടുന്നു. 'ഇതുവരെ ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതുപോലെ ആളുകളെ തൂക്കിലേറ്റുന്നതിന് മുന്‍പ് ഞങ്ങള്‍ മദ്യപിക്കാറില്ല. അതൊരു നുണയാണ്. കയറു വലിക്കുമ്പോള്‍ ഞങ്ങള്‍ സ്വബോധത്തോടെ സംയമനം പാലിച്ചാണ് ചെയ്യുക, അത് ഞങ്ങളുടെ ജോലിയാണ്...' -പവന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com