'വിളിക്കുന്നത് അമിത് ഷായാണ്, ഡോക്ടറെ വൈസ് ചാന്‍സലറായി നിയമിക്കണം'; ആഭ്യന്തരമന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഗവര്‍ണറെ വിളിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ പിടിയില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ അറസ്റ്റില്‍
'വിളിക്കുന്നത് അമിത് ഷായാണ്, ഡോക്ടറെ വൈസ് ചാന്‍സലറായി നിയമിക്കണം'; ആഭ്യന്തരമന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഗവര്‍ണറെ വിളിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ പിടിയില്‍

ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ അറസ്റ്റില്‍. സുഹൃത്തിന് വൈസ് ചാന്‍സലറായി നിയമനം ലഭിക്കാന്‍ അമിത് ഷായാണെന്ന് പറഞ്ഞ് വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് വഗേലയാണ് ആഭ്യന്തരമന്ത്രിയാണെന്ന് പറഞ്ഞ് വിളിച്ചത്. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായാണ് ഫോണില്‍ സംസാരിച്ചത്. മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് സുഹൃത്തിന് വേണ്ടി വഗേല തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഭോപ്പാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദന്തഡോക്ടറിന് വേണ്ടിയാണ് വിംഗ് കമാന്‍ഡര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. അടുത്ത വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിന്് വേണ്ടിയുളള നടപടികള്‍ കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയില്‍ പുരോഗമിക്കുകയാണ്. ഈ സ്ഥാനം ലഭിക്കുന്നതിന് വഗേലയുടെ സുഹൃത്തായ ദന്ത ഡോക്ടറും അപേക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നിനായിരുന്നു അഭിമുഖം.

അഭിമുഖം കഴിഞ്ഞ അന്ന് തന്നെ ദന്ത ഡോക്ടറായ ഡോ ചന്ദ്രേഷ് കുമാര്‍ ശുക്ല, ഉന്നതതല ബന്ധം ഉപയോഗിച്ച് വൈസ് ചാന്‍സലര്‍ പദവി നേടി തരാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വഗേലയെ വിളിച്ചതായി പൊലീസ് പറയുന്നു. ഉടനെ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ സംവിധാനം ഉപയോഗിച്ച് മധ്യപ്രദേശ് ഗവര്‍ണറെ വഗേല വിളിച്ചതായി പൊലീസ് പറയുന്നു. അമിത് ഷായാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ വഗേല, ശുക്ലയെ മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദേശിച്ചതായും പൊലീസ് പറയുന്നു.
 
കോളില്‍ സംശയം തോന്നിയ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടു. ഇതോടെ ഇത് തട്ടിപ്പാണെന്ന് ഗവര്‍ണര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരുവരെയും പിടികൂടിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com