ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ റദ്ദാക്കാന്‍ സാധിക്കില്ല; ഹൈക്കോടതി

മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ പാന്‍ റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കോടതി ഉത്തരവ്
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ റദ്ദാക്കാന്‍ സാധിക്കില്ല; ഹൈക്കോടതി

അഹമ്മദാബാദ്: ആധാര്‍ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, ആധാറുമായി ബന്ധിപ്പിച്ചില്ല എന്ന കാരണത്താല്‍ പാന്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ പാന്‍ റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

ആധാറിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുമ്പാകെയുളള കേസില്‍ വരാനിരിക്കുന്ന അന്തിമ തീര്‍പ്പ് ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ന്യായം ഉറപ്പാക്കുന്നതിന് വേണ്ടി ഹര്‍ജിക്കാരന്റെ താത്പര്യം സംരക്ഷിക്കേണ്ടതാണ് എന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പാന്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് അനുകൂലമായ ഈ ഇടക്കാല ഉത്തരവിന് വലിയ മാനങ്ങള്‍ നല്‍കേണ്ടതില്ല എന്നും കോടതി ഓര്‍മ്മിപ്പിച്ചു.മണിബില്ലില്‍ ഉള്‍പ്പെടുത്തി ആധാര്‍ നിയമം പാസാക്കിയതിന് നിയമസാധുത ഉണ്ടോ എന്ന ചോദ്യമാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

ആധാര്‍ സ്വകാര്യതയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ  ജസ്റ്റിസ് കെ എസ് പുട്ടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജിക്കാരന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ആധാര്‍ വിഷയത്തിലെ സ്വകാര്യത ഉള്‍പ്പെടെയുളള കാര്യങ്ങളിലെ നിയമപരമായ വശങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുളളതായിരുന്നു സുപ്രീംകോടതി വിധി. പ്രഥമദൃഷ്ട്യാ പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com