ചന്ദ്രയാന്‍ ഇറങ്ങുന്നത് കാണാന്‍ പോകരുതെന്ന് ചിലര്‍ ഉപദേശിച്ചു; പ്രതിസന്ധി ഘട്ടത്തിലെ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും കൂട്ടുകെട്ട് ഒരു പാഠമാണ്: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മോദി

തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ജീവിതത്തില്‍ വിജയിച്ച് മുന്നേറാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ചന്ദ്രയാന്‍ ഇറങ്ങുന്നത് കാണാന്‍ പോകരുതെന്ന് ചിലര്‍ ഉപദേശിച്ചു; പ്രതിസന്ധി ഘട്ടത്തിലെ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും കൂട്ടുകെട്ട് ഒരു പാഠമാണ്: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മോദി

ന്യൂഡല്‍ഹി:  തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ജീവിതത്തില്‍ വിജയിച്ച് മുന്നേറാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സാങ്കേതികവിദ്യകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമ്പോഴും, ജീവിതത്തെ നിയന്ത്രിക്കുന്ന തലത്തിലേക്ക് സാങ്കേതികവിദ്യയെ അനുവദിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വിദ്യാര്‍ത്ഥികളുമായുളള സംവാദ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാ പേടിയും പിരിമുറുക്കവും അകറ്റാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.തന്റെ ഹൃദയത്തെ ഏറ്റവുമധികം തൊട്ടറിഞ്ഞ പരിപാടിയാണിതെന്ന് മോദി പറഞ്ഞു. ഇതുവരെയുളള ജീവിതത്തിന് ഇടയില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ പരിപാടിയും പുതിയ ഒരു അനുഭവമാണ്. എന്നാല്‍ ഏറ്റവുമധികം മനസ്സിനെ സ്പര്‍ശിച്ച പരിപാടി ഏതെന്ന് ആരെങ്കിലും ചോദിച്ചാല്‍ , ഇതാണെന്ന് താന്‍ പറയുമെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

സാങ്കേതികവിദ്യ തന്റെ നിയന്ത്രണത്തിലാണ് എന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രമിക്കണം.സാങ്കേതികവിദ്യയുടെ പേരു പറഞ്ഞ് സമയം വെറുതെ പാഴാക്കരുത്. 'നമ്മുടെ വീട്ടിലെ ഒരു മുറി സാങ്കേതികവിദ്യ മുക്തമായിരിക്കണം. ഒരു സാങ്കേതികവിദ്യയും ആ മുറിയിലേക്ക്് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. പരീക്ഷ എന്ന് പറയുന്നത് എല്ലാത്തിന്റേയും അവസാനമാണെന്ന് കരുതരുത്'- മോദി പറഞ്ഞു.

പാഠ്യതേര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം മോദി വിവരിച്ചു. പാഠ്യതേര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരുന്നാല്‍, ഭാവിയില്‍ നിങ്ങള്‍ ഒരു റോബോട്ട് ആയി മാറും. യുവാക്കള്‍ റോബോട്ടുകള്‍ ആയി മാറണമെന്നാണോ ആഗ്രഹിക്കുന്നത്?. അവര്‍ മുഴുവന്‍ ഊര്‍ജ്ജത്തോടെയും സ്വപ്‌നങ്ങള്‍ കണ്ടും മുന്നേറുന്നവര്‍ ആകട്ടെയെന്നും മോദി പ്രത്യാശിച്ചു.

'ചന്ദ്രയാന്‍ രണ്ട് ഇറങ്ങുന്നത് കാണാന്‍ പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത് സമ്പൂര്‍ണ വിജയമാകുമെന്ന് ഉറപ്പില്ല എന്നായിരുന്നു അവരുടെ വാദം. ചിലപ്പോള്‍ പരാജയം സംഭവിച്ചേക്കാമെന്നും വിദഗ്ധരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കി. ചന്ദ്രയാന്‍ രണ്ട് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് തന്നെ അലട്ടിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ ശാസ്ത്രജ്ഞന്മാരുമായി ചര്‍ച്ച നടത്തുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്തത്. രാജ്യത്തിന്റെ സ്വപ്‌നത്തെ കുറിച്ചെല്ലാം പറഞ്ഞ് അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചു. ശാസ്ത്രജ്ഞരുടെ കഠിനപരിശ്രമത്തെ പ്രകീര്‍ത്തിച്ചു. ഇത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ ഒന്നടങ്കം മനോഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിച്ചു'- മോദി പറഞ്ഞു.

'2001ല്‍ ഓസ്‌ട്രേലിയ- ഇന്ത്യ ക്രിക്കറ്റ് മത്സരം കൊല്‍ക്കത്തയില്‍ നടക്കുന്നു. മത്സരത്തിനിടെ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്ക് പരിക്കേല്‍ക്കുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ അദ്ദേഹം മത്സരത്തില്‍ തുടര്‍ന്നും കളിച്ചു. മത്സരം വിജയിച്ചു. ഇതുസംബന്ധിച്ച് അനില്‍ കുംബ്ലെയോട് ചോദിച്ചപ്പോള്‍, പ്രശ്‌നങ്ങളെ ഏങ്ങനെ നേരിടുന്നു എന്നതാണ് ഏറ്റവും സുപ്രധാനകാര്യമെന്നാണ്. അതേപോലെ ഇന്ത്യന്‍ ടീം പരാജയഭീതിയില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെയും വി വി എസ് ലക്ഷ്മണിന്റെയും കൂട്ടുകെട്ട് കളിയെ മാറ്റിമറിച്ചു'- ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മോദി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com