നിര്‍ഭയ: പവന്‍ ഗുപ്ത കൊലക്കയറില്‍നിന്നു രക്ഷപ്പെടുമോ? സുപ്രീം കോടതി ഉത്തരവ് ഉടന്‍

തനിക്കു പതിനെട്ടു വയസു പൂര്‍ത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പവന്‍ ഗുപ്തയാണ് സുപ്രീം കോടതിയെ സമീപിച്ചത്
നിര്‍ഭയ: പവന്‍ ഗുപ്ത കൊലക്കയറില്‍നിന്നു രക്ഷപ്പെടുമോ? സുപ്രീം കോടതി ഉത്തരവ് ഉടന്‍


ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ കുമാര്‍ ഗുപ്ത, കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ആളായിരുന്നുവെന്ന കേസില്‍ സുപ്രീം കോടതി അല്‍പ്പസമയത്തിനകം വിധി പറയും. തനിക്കു പതിനെട്ടു വയസു പൂര്‍ത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പവന്‍ ഗുപ്തയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെയാണ്, പവന്‍ ഗുപ്ത ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. പതിനെട്ടു വയസു പൂര്‍ത്തിയാവാതിരുന്ന തന്നെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരുന്നു വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നാണ് ഹര്‍ജിയിലെ വാദം.

കുറ്റകൃത്യം നടക്കുമ്പോള്‍ പവന്‍ ഗുപ്തയ്ക്ക് പതിനെട്ടു വയസു പൂര്‍ത്തിയായിരുന്നില്ലെന്നായിരുന്നു, അഭിഭാഷകന്‍ എപി സിങ്ങിന്റെ വാദം. പ്രായം സംബന്ധിച്ച വസ്തുത പൊലീസ് മറച്ചുവയ്ക്കുകയായിരുന്നു. ഇതു പരിഗണിക്കാതെ, നീതിപൂര്‍വകമല്ലാത്ത വിചാരണയാണ് നടന്നത്. സുതാര്യമായ നീതിനടത്തിപ്പിന്റെ പ്രശ്‌നമാണ് ഇതെന്ന് സിങ് വാദിച്ചു. 

പവന്‍ ഗുപ്തയുടെ പ്രായം സംബന്ധിച്ച വാദം നേരത്തെ സുപ്രീം കോടതി കേസ് പരിഗണിച്ച ഘട്ടത്തിലും ഉന്നയിക്കപ്പെട്ടതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനോടു യോജിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ ഒരേ കാര്യം തന്നെ വീണ്ടും ഉന്നയിക്കുന്നതുകൊണ്ട എന്തുകാര്യം എന്ന് അഭിഭാഷകനോട് ആരാഞ്ഞു. ഇത് അനുവദിച്ചാല്‍ കേസിന് അന്ത്യമുണ്ടാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഒരേ കാര്യം തന്നെയാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ഭാനുമതി ചൂണ്ടിക്കാട്ടി. കോടതികള്‍ പരിഗണിച്ചു തള്ളിയ വിഷയമാണിത്. കേസിലെ ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ ചെയ്തത്. പവന്‍ ഗുപ്തയുടെ ഹര്‍ജി അന്നു പരിഗണിച്ചു തള്ളുകയായിരുന്നുവെന്ന് കോടതി ഓര്‍മിപ്പിച്ചു. പവന്‍ ഗുപ്തയ്ക്കു വേണ്ടി അന്നു അഭിഭാഷകന്‍ ഹാജരായിരുന്നില്ലെന്ന് എപി സിങ് പ്രതികരിച്ചു.

പവന്‍ ഗുപ്തയുടെ പ്രായം കോടതിയില്‍നിന്നു മറച്ചുവയ്ക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്ന് എപി സിങ് വാദിച്ചു. ഗുപ്തയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് സിങ് കോടതിയില്‍ ഹാജരാക്കി. 2017 ഫെബ്രുവരിയില്‍ വാങ്ങിയ സര്‍ട്ടിഫിക്കറ്റ് ആണ് ഇതെന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടതിനു ശേഷം സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ജനന സര്‍ട്ടിഫിക്കറ്റ് ആണ് പ്രായം തെളിയിക്കുന്നതിനുള്ള നിയമപ്രകാരമുള്ള ആധികാരിക രേഖയെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷമാണ് മറ്റു രേഖകള്‍ പരിഗണിക്കുക. ഗുപ്തയുടെ പ്രായം കണക്കാക്കിയതു സംബന്ധിച്ച് വിചാരണഘട്ടത്തില്‍ തര്‍ക്കമില്ലായിരുന്നുവെന്ന്, വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രതികളുടെ മാതാപിതാക്കളും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com