പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍ ; കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക
പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍ ; കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം

ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 130 ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. വിവിധ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കും.

പൗരത്വ നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ന് മറുപടി നല്‍കുമോ, കൂടുതല്‍ സമയം ആവശ്യപ്പെടുമോ എന്നതില്‍ വ്യക്തതയില്ല. വിവിധ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് ആദ്യം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചേക്കുമെന്നാണ് സൂചന.

പൗരത്വ നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗാണ് ആദ്യം ഹര്‍ജി നല്‍കിയത്. പിന്നാലെ സിപിഎം, സിപിഐ, അസംഗണപരിഷത്ത്, ഡിഎംകെ, മക്കള്‍ നീതി മയ്യം തുടങ്ങിയ പാര്‍ട്ടികളും അസംപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ജയറാം രമേശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരും ഹര്‍ജി നല്‍കി. ചാവക്കാട് സെക്കുലര്‍ ഫോറം ഇന്നലെ ഹര്‍ജി നല്‍കി.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തടയണമെന്ന ഹര്‍ജികളും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കെ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം  അരങ്ങേറി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതിയുടെ സുരക്ഷ ശക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com