'അന്ത്യാഭിലാഷങ്ങള്‍ അറിയിക്കുക' ; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നോട്ടീസ് ; ശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി ജയില്‍ അധികൃതര്‍

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ അവസാനമായി കാണാന്‍ അനുമതി നല്‍കണമെന്നാണ് നിയമം
'അന്ത്യാഭിലാഷങ്ങള്‍ അറിയിക്കുക' ; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നോട്ടീസ് ; ശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതികള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസിന് പ്രതികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒന്നാംതീയതി രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.

ജയില്‍ ചട്ടപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തീഹാര്‍ ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ നോട്ടീസില്‍ ആരാഞ്ഞിട്ടുള്ളത്.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ അവസാനമായി കാണാന്‍ അനുമതി നല്‍കണമെന്നാണ് നിയമം. അവരുടെ സ്വത്തുവകകള്‍ ആര്‍ക്ക് കൈമാറണമെന്ന് അറിയിക്കാനും അവകാശമുണ്ട്. പ്രതികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ മതപുരോഹിതനെ ആവശ്യമുണ്ടെന്ന് അറിയിച്ചാല്‍ അതിനുള്ള സൗകര്യവും ഏര്‍പ്പാടാക്കി നല്‍കണം.

അതേസമയം ജയില്‍ അധികൃതരുടെ നോട്ടീസില്‍ പ്രതികള്‍ ഇതുവരെ മൗനം തുടരുകയാണ്. വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍. വീണ്ടും ദയാഹര്‍ജി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഫെബ്രുവരി 22 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി വാരണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതോടെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത്.

ഇതിന് പിന്നാലെ ക്രൂരകൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് ചൂണ്ടിക്കാട്ടി പവന്‍ ഗുപ്തയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുഹര്‍ജികളും തള്ളിയതോടെയാണ് ജയില്‍ അധികൃതര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. ബിഹാറിലെ ബക്‌സര്‍ ജയിലില്‍ നിന്നുമാണ് തൂക്കിലേറ്റാനുള്ള കയര്‍ കൊണ്ടുവരിക. ഇതിനുള്ള ഓര്‍ഡര്‍ നേരത്തെ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.

2012 ഡിസംബറിലാണ് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയത്. ക്രൂരമായി ആക്രമിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തശേഷം യുവതിയെ ബസ്സില്‍ നിന്നും വലിച്ചെറിയുകയും ചെയ്തു. അതിഗുരുതരമായി പരിക്കേറ്റ യുവതി 12 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. കേസില്‍ മുഖ്യപ്രതി രാംസിങ് ജയിലില്‍ വെച്ച് തൂങ്ങിമരിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പ്രത്യേക വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com