തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ രേഖകള്‍ നല്‍കുന്നില്ല, തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍, ശിക്ഷ വൈകിപ്പിക്കാന്‍ നീക്കം

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്
തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ രേഖകള്‍ നല്‍കുന്നില്ല, തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍, ശിക്ഷ വൈകിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വധശിക്ഷ വൈകിപ്പിക്കാന്‍ നടപടികളുമായി വീണ്ടും നിര്‍ഭയ കേസ് പ്രതികള്‍. വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. മുകേഷ് സിങ് ഒഴികെയുള്ള പ്രതികളാണ് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ എ പി സിങ് മുഖേനയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് സ്റ്റേ ചെയ്യണമെന്നും പ്രതികളായ  പവന്‍ ഗുപ്ത ,അക്ഷയ് താക്കൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭയക്കേസില്‍ പ്രതി മുകേഷ് സിങ് നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.

അതേസമയം, വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം  വച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. അംറോഹ കൊലപാതകക്കേസില്‍ വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു പരാമര്‍ശം. കോടതിവ്യവഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍, വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയം ഒരാഴ്ചയായി വെട്ടിക്കുറയ്ക്കണം, തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനു സമയം നിശ്ചയിക്കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com