മോദിയുടെയും നാട്ടിലും എസ്എഫ്‌ഐ; ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ അടിപതറി എബിവിപി

ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം
മോദിയുടെയും നാട്ടിലും എസ്എഫ്‌ഐ; ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ അടിപതറി എബിവിപി

ന്യൂഡല്‍ഹി: ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. എബിവിപിയെ പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐയുടെ ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന നാല് പോസ്റ്റുകളിലും എസ്എഫ്‌ഐ സഖ്യം വിജയക്കൊടി പാറിച്ചപ്പോള്‍ എബിവിപി സഖ്യത്തിന് ഒരുസീറ്റുപോലും നേടാനായില്ല. 

സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി ചിത്തരഞ്ജന്‍ കുമാര്‍ 26 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി ദീപക്കിനെ പരാജയപ്പെടുത്തി. ആകെയുള്ള 166 വോട്ടുകളില്‍ 94 വോട്ടുകള്‍ നേടിയാണ് എബിവിപിയുടെ ശക്തികേന്ദ്രത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം നേടിയത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ബാപ്‌സയുടെ(BAPSA) ദിവാന്‍ അഷ്‌റഫ് 69 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി പ്രാചി റാവലിനെ പരാജയപ്പെടുത്തി.  ആകെയുള്ള 167 വോട്ടുകളില്‍ 114 വോട്ടുകള്‍ ദിവാന്‍ അഷ്‌റഫ് നേടിയപ്പോള്‍ എബിവിപി സ്ഥാനാര്‍ഥിക്ക് 45 വോട്ടുകളാണ് നേടാനായത്. 

സ്‌കൂള്‍ ഓഫ്  ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എല്‍ഡിഎസ്എഫ് സ്ഥാനാര്‍ഥി പ്രാചി ലോഖന്ദെ 22 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി രമാജാജുലയെ തോല്‍പ്പിച്ചു. ആകെ പോള്‍ ചെയ്ത 38 വോട്ടുകളില്‍ 30 വോട്ടുകളും എല്‍ഡിഎസ്എഫ് സ്ഥാനാര്‍ഥി കരസ്ഥമാക്കിയപ്പോള്‍ എബിവിപി സ്ഥാനാര്‍ഥിക്ക് എട്ട് വോട്ടുകള്‍ മാത്രമാണ് നേടാനായത്. ലൈബ്രറി സയന്‍സില്‍ എസ്എഫ്‌ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു.എസ്എഫ്‌ഐ, ബാപ്‌സ(BAPSA), എല്‍ഡിഎസ്എഫ് സംഘടനകള്‍ സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com